ട്രോളിങ് നിരോധനം; വിപണിയില്‍ ഫോര്‍മാലിന്‍ തളിച്ച മത്സ്യം സുലഭം
കൊല്ലം: ട്രോളിങ് കാലമായതോടെ വിപണിയില്‍ ഫോര്‍മാലിന്‍ തളിച്ച മത്സ്യം സുലഭമാകുന്നു. അമോണിയ ചേര്‍ത്താല്‍ മത്സ്യം നാലോ അഞ്ചോ ദിവസം കേടാകാതെ കിട്ടും. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യത്തില്‍ തളിച്ചാല്‍ മൂന്നാഴ്ച ഇവ ഫ്രഷായിരിക്കും. ഇത്തരം മത്സ്യങ്ങള്‍ ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ ഉറപ്പാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയായ ഫോര്‍മാലിന്‍ ചേര്‍ത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത.
കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകള്‍ ഏല്‍പ്പിക്കാന്‍ കെല്‍പ്പുള്ള രാസവസ്തുവാണിത്. കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്. ഫോര്‍മാലിന്‍ ദിവസവും ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ ഫ്രഷായിരിക്കും. ട്രോളിംങ് കാലത്തെ ഉപയോഗത്തിനായി ആഴ്ചകള്‍ക്ക് മുമ്പേ ഫോര്‍മാലിന്‍ ഇട്ട് കേസുകണക്കിന് മീന്‍ ജില്ലയിലെ വിവിധ മല്‍സ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്നു.
ഒറ്റനോട്ടത്തില്‍ നല്ല പച്ചമീനാണെങ്കിലും പാചകം ചെയ്തു കഴിച്ചാലുടന്‍ ഛര്‍ദിയും വയറിളക്കവും സാധാരണയാണ്. രാസവസ്തു കലര്‍ത്തിയ മീന്‍ വന്‍തോതില്‍ റയില്‍വേ സ്‌റ്റേഷനുകള്‍ വഴിയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമാണ് ജില്ലയിലെത്തുന്നത്. റംസാന്‍ വിപണിയും ട്രോളിങ് നിരോധനവും മുന്നില്‍ക്കണ്ടാണ് വിഷമത്സ്യം വ്യാപകമായി എത്തുന്നത്. മത്സ്യം ഉപയോഗശൂന്യമാകാതിരിക്കാന്‍ വന്‍കിട മത്സ്യ വ്യാപാരികള്‍ കണ്ടെത്തിയ മാര്‍ഗമാണ് മാംസള ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കല്‍.
ഫോര്‍മാലിന്‍ ജീവനുള്ള ശരീരത്തില്‍ പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ അളവനുസരിച്ച് രോഗം വരാനുള്ള കാലയളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നു മാത്രം. വളരെപ്പെട്ടെന്ന് മാരക രോഗങ്ങള്‍ ശരീരത്തില്‍ പിടിപ്പെടും.
മാംസളമായ മത്സ്യങ്ങളിലാണ് കൂടുതലായി ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. ഇത് ഉള്ളില്‍ ചെന്നാല്‍ കാന്‍സര്‍ കൂടാതെ ബുദ്ധിയെയും നെര്‍വസ് സിസ്റ്റത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ വിപണിയിലെ വിഷാംശമുള്ള മത്സ്യം കണ്ടെത്തുന്നതിനു ജില്ലയിലെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും തൃപ്തികരമല്ല. പുലര്‍ച്ചെമുതല്‍ ജില്ലയുടെ വിവധ കേന്ദ്രങ്ങളില്‍ ബോക്‌സുകളിലും മറ്റും മത്സ്യങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും പരിശോധനയാകട്ടെ പകല്‍സമയങ്ങളില്‍ പേരിനുമാത്രമായി മാറുകായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."