ഭാരത് പെട്രോളിയം സ്വകാര്യവത്കരിക്കരുതെന്ന് മോദിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്‍പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ പിണറായി ആവശ്യപ്പെട്ടു
സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചത് ജനങ്ങളില്‍ വലിയ ഉത്ക്കണ്ഠ ഉളവാക്കിയിരിക്കുകയാണ്. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കും. അഞ്ചുവര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തിയത്.
ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. കൊച്ചി റിഫൈനറിയില്‍ ക്രൂഡ് ഓയില്‍ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാര്‍ത്ഥങ്ങളാണ് നിര്‍ദിഷ്ട പാര്‍ക്കില്‍ ഉത്പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ബിപിസിഎല്ലിന്റെ സ്വകാര്യവല്‍ക്കരണം കേരളത്തിന്റെ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
ദേശീയ താല്പര്യവും കേരളത്തിന്റെ പ്രത്യേക താത്പര്യവും കണക്കിലെടുത്ത് സ്വകാര്യവത്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."