ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: ഉന്നത മെഡിക്കല്‍ സംഘം 21നെത്തും, ഇനിയെങ്കിലും നേരറിയാനാകുമോ?
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ചെമ്പരിക്ക ഖാസി
സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് ഉന്നത മഡിക്കല്‍ സംഘം 21ന് കാസര്‍ക്കോട്ടെത്തും. സി.ബി.ഐയുടെ ചെന്നൈ, ബംഗളൂരു റീജണിലെ ഐ.ജി റാങ്കുള്ള ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം ചെമ്പരിക്കയിലെത്തി അന്വേഷണം നടത്തി തിരികെ പോയതിനു പിന്നാലെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് മെഡിക്കല്‍ സംഘം എത്തുന്നത്.
21,22 തീയതികളില്‍ ഉദ്യോഗസ്ഥര്‍ ചെമ്പരിക്കയിലും മറ്റും തെളിവെടുപ്പുകള്‍ നടത്തുമെന്നാണ് വിവരം. 2010 ഫെബ്രുവരി 15 നാണു ചെമ്പരിക്ക ഖാസി
യെ ദുരൂഹ സാഹചര്യത്തില്‍ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലിസ്, ക്രെംബ്രാഞ്ച് എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും മരണത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിടാനുള്ള ശ്രമമാണ് ഉണ്ടായത്. തുടര്‍ന്ന് ഒട്ടനവധി പ്രക്ഷോഭ സമരങ്ങള്‍ നടന്നതിന്റെ ഫലമായി കേസന്വേഷണം സി.ബി.ഐക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറുകയായിരുന്നു.
അതെ സമയം എട്ടു വര്‍ഷത്തിലധികമായി സി.ബി.ഐ അന്വേഷണം തുടരുന്നുണ്ടെങ്കിലും ലോക്കല്‍ പൊലിസിന്റെ പാതയിലായിരുന്നു അന്വേഷണം. രണ്ടു തവണ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചെങ്കിലും ഇവ സി.ബി.ഐ കേസ് പരിഗണിക്കുന്ന എറണാകുളം സി.ജെ.എം കോടതി തള്ളുകയും കേസില്‍ ശാസ്ത്രീയ പരിശോധനകളും ഓട്ടോപ്സി പരിശോധനകളും ഉള്‍പ്പെടെ നടത്തി സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
2016 ല്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുമ്പോള്‍ തന്നെ ഈ നിര്‍ദേശം കോടതി സി.ബി.ഐക്ക് നല്‍കിയിരുന്നു. ഇത് മാനിക്കാതെ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പഴയ റിപ്പോര്‍ട്ട് ഭേദഗതി വരുത്തി കോടതിയില്‍ വീണ്ടും സമര്‍പ്പിച്ചെങ്കിലും അതും കോടതി സ്വീകരിച്ചില്ല.
2016ല്‍ കോടതി പറഞ്ഞ നിര്‍ദേശം ഇപ്പോഴും ബാക്കി കിടക്കുന്നുവെന്നു കോടതി സി.ബി.ഐയെ ഉണര്‍ത്തുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണു വീണ്ടും ഉന്നത ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും അടങ്ങുന്ന സംഘവുമായി കാസര്‍കോട്ട് എത്തുന്നത്. ഉന്നത തല മെഡിക്കല്‍ സംഘവും ഉദ്യോഗസ്ഥരും എത്തുന്നതോടെ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്നും പ്രതികള്‍ പിടിയിലാകുമെന്നുള്ള പ്രതീക്ഷിയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."