ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി പ്രവാസി വിശ്വാസികളും 'മസ്ജിദുകള്‍ ഹയാത്താക്കി'
മനാമ: ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന വിശുദ്ധ റമദാനിലെ 27-ാം രാവില്‍ 'മസ്ജിദുകള്‍ ഹയാത്താക്കി' പ്രവാസി വിശ്വാസികളും പള്ളികളിലേക്കൊഴുകിയെത്തി. മഗ്‌രിബ് നമസ്‌കാരത്തിനും ഇഫ്താറിനുമായി പള്ളികളിലെത്തിയവരിലേറെയും സുബ്ഹി നമസ്‌കാരവും കഴിഞ്ഞാണ് പിരിഞ്ഞത്. പുലര്‍ച്ചെ വരെ നീണ്ട പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കൊപ്പം അത്താഴത്തിനുള്ള അന്നദാനവും വിവിധ മസ്ജിദുകളില്‍ നടന്നു.
പൊതുവെ പകലന്തിയോളം ജോലിയുള്ള പ്രവാസികളാരും രാത്രി പൂര്‍ണ്ണമായും ഉറക്കമൊഴിച്ചുള്ള പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. അടുത്ത ദിവസം വാരാന്ത അവധി ദിനം കൂടിയായതിനാലാണ് ഏറെ പേരും മസ്ജിദുകളില്‍ ഹയാത്താക്കാന്‍ എത്തിയത്.
ബഹ്‌റൈനില്‍ ഇശാ നമസ്‌കാര ശേഷം നടന്ന തറാവീഹിനും അര്‍ദ്ധരാത്രിയോടെ നടന്ന ഖിയാമുല്ലൈല്‍ നമസ്‌കാരത്തിനും പതിവില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്.
ഔദ്യോഗിക മതകാര്യ വിഭാഗമായ ബഹ്‌റൈന്‍ ഇസ്‌ലാമിക കാര്യ സുപ്രീം കൗണ്‍സിലിനു കീഴില്‍ പ്രത്യേകമായ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
രാജ്യത്തെ പ്രധാന പള്ളിയായ അഹ്മദ് ഫാത്തിഹ് (ഗ്രാന്റ് മോസ്‌ക്) മസ്ജിദിലാണ് പ്രധാനമായും പ്രമുഖര്‍ സംബന്ധിച്ച പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും മജ് ലിസുകളും നടന്നത്. ബഹ്‌റൈന്‍ ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ഗ്രാന്റ് മോസ്‌കിലെ ചടങ്ങുകള്‍.
ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു പുറമെ രാജ്യത്തെ വിവിധ പ്രാദേശിക മത സംഘടനകളും സമസ്ത ബഹ്‌റൈന്‍ അടക്കമുള്ള പ്രവാസികളുള്‍ക്കൊള്ളുന്ന മത സംഘടനകളും വിവിധ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഇവിടെ ഒരുക്കിയിരുന്നു. പ്രവാസികളായ വിശ്വാസികളിലേറെയും പങ്കെടുത്തതും ഇത്തരം ചടങ്ങുകളിലായിരുന്നു.
മനാമ ഗോള്‍ഡ് സിറ്റി പരിസരത്തുള്ള മസ്ജിദിലാണ് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര നേതൃത്വത്തിന്റെ കീഴിലുള്ള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്.
ഇവിടെ രാത്രി 10.15 മുതല്‍ സുബ്ഹി നമസ്‌കാരം വരെ നീണ്ടു നിന്ന ആത്മീയ സംഗമത്തില്‍ ഇശാ നിസ്‌കാരം, തറാവീഹ് തുടങ്ങിയ പതിവ് ആരാധനാ കര്‍മങ്ങള്‍ക്കു പുറമെ ഇഅ്തികാഫ്, തസ്ബീഹ് നിസ്‌കാരം, ഖത് മുല്‍ ഖുര്‍ആന്‍, തൗബ, ദിക് ര്‍ദുആ മജ് ലിസ്, സ്വലാത്ത് മജ് ലിസ്. നസീഹത്ത് എന്നിവയും അത്താഴസമയത്ത് അന്നദാനവും നടന്നു.
ഹാഫിള് ശറഫുദ്ധീന്‍ മുസ്സിയാര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന നസീഹത്ത്തൗബകൂട്ടുപ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. തൗബ (പാശ്ചാതാപം) എന്നാല്‍ നിലവിലുള്ള മോശം അവസ്ഥയില്‍ നിന്ന് നന്മയിലേക്ക് മാറുക എന്നതാണെന്നും തിന്മകള്‍ ഒഴിവാക്കി നന്മകള്‍ മാത്രം ചെയ്യാന്‍ പരമാവധി പരിശ്രമിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
റമദാന്‍ അവസാനിച്ചാലും നിര്‍ബന്ധ കര്‍മങ്ങളില്‍ കണിശത പാലിക്കേണ്ടതുണ്ടെന്നും തൊഴിലിടങ്ങളിലെ അദ്ധ്വാനവും വിയര്‍പ്പൊഴിക്കലും ഐഛിക കര്‍മങ്ങള്‍ക്ക് മാത്രമേ പകരമാവൂവെന്നും നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കാന്‍ പാടില്ലെന്നും തങ്ങള്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ കമ്മറ്റി പ്രവര്‍ത്തകരും സമസ്ത മദ്‌റസാ അദ്ധ്യാപകരും പണ്ഢിതന്മാരും ചടങ്ങില്‍ സംബന്ധിച്ചു.
വാരാന്ത അവധി ദിവസമായതിനാല്‍ മസ്ജിദിന് മുകളിലും താഴെയുമായി നിരവധി വിശ്വാസികളാണ് തടിച്ചു കൂടിയത്. ഇവര്‍ക്കുള്ള അന്നദാനത്തിന് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ വിഖായ വിംഗ് നേതൃത്വം നല്‍കി.
ബഹ്‌റൈനിനു പുറമെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പുലര്‍ച്ച വരെ നീണ്ട പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."