കുട്ടനാടിന്റെ സൗന്ദര്യം നുകര്‍ന്ന് നെതര്‍ലന്‍ഡ് രാജാവ് വില്ലം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും
ആലപ്പുഴ: പുന്നമട കായലിന്റെയും കുട്ടനാടിന്റെയും സൗന്ദര്യം നുകര്‍ന്ന് നെതര്‍ലന്‍ഡ് രാജാവ് വില്ലം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.
ഇന്നലെ രാവിലെ 9.20ന് പുന്നമട ഫിനിഷിങ് പോയിന്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനൊപ്പം എത്തിയ ഇരുവരെയും അഡിഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ പൊലിസ് മേധാവി കെ.എം ടോമി, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരും സന്നിഹിതരായി. ഫിനിഷിങ് പോയിന്റില്‍ നിന്ന് വഞ്ചിവീട്ടില്‍ രാജാവും സംഘവും കയറി.
രാജാവിനെ സ്വീകരിക്കാന്‍ താലപ്പൊലിയും പരമ്പരാഗത അനുഷ്ഠാന കലയായ അമ്പലപ്പുഴ വേലകളിയും ഒരുക്കിയിരുന്നു. വഞ്ചിവീടിന് മുന്നില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് എസ്.എന്‍ ജെട്ടിയില്‍ ഇറങ്ങിയ രാജാവും രാജ്ഞിയും മുല്ലയ്ക്കല്‍ വില്ലേജിലെ പാടശേഖരം സന്ദര്‍ശിച്ചു. കഴിഞ്ഞ പ്രളയകാലത്തെ സ്ഥിതിയും ജലനിരപ്പും മറ്റ് കാര്യങ്ങളും ഇതിനിടെ ജില്ലാ കലക്ടറോട് ചോദിച്ചു മനസിലാക്കി.
കുട്ടനാട്ടിലെ കൃഷിയുടെ പ്രത്യേകതകളും ചോദിച്ചറിഞ്ഞു. വഞ്ചിവീട്ടില്‍ പ്രത്യേകം തയാറാക്കിയ കോണ്‍ഫറന്‍സ് ഹാളില്‍ ഔദ്യോഗിക ചര്‍ച്ചകളും നടത്തി. വഞ്ചിവീടിന്റെ മുകള്‍തട്ടില്‍ കയറിയ ഇരുവരും കായല്‍ ഭംഗിയും ആസ്വദിച്ചു. 10.10ഓടെ സംഘം ഫിനിഷിങ് പോയിന്റില്‍ തിരിച്ചെത്തി. 10.15ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."