മോഹന്‍ ഭാഗവത് പറഞ്ഞുവച്ചതും സ്വാമി വിവേകാനന്ദനും
കഴിഞ്ഞ വിജയദശമി ദിവസം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടത്തിയ പതിവ് വാര്‍ഷിക പ്രഭാഷണത്തില്‍ പല പ്രമുഖരെയും പരാമര്‍ശിച്ച കൂട്ടത്തില്‍ ഒന്നിലധികം തവണ സ്വാമി വിവേകാനന്ദനെ അനുസ്മരിക്കുകയുണ്ടായി. ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികമെന്ന നിലയിലാണ് ഭാഗവത് വിവേകാനന്ദനെ ഓര്‍മിച്ചത്. സ്വാമി ചിക്കാഗോയില്‍ നടത്തിയ ചില പ്രസ്താവനകളിലേക്കുള്ള സൂചനയും പ്രസംഗത്തില്‍ ആര്‍.എസ്.എസ് മേധാവി ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ ആശ്ചര്യം, ഹിന്ദുത്വത്തിന്റെ ആചാര്യനായ വി.ഡി സവര്‍ക്കറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1925ല്‍ കെ.ബി ഹെഡ്‌ഗേവര്‍ രൂപം നല്‍കിയ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ഈ സംഘടനയുടെ ഇന്നത്തെ തലവനായ മോഹന്‍ ഭാഗവത്, സ്വാമി വിവേകാനന്ദനെ ഓര്‍ത്തെടുക്കുമ്പോള്‍ ഇവര്‍ തമ്മിലുള്ള ആശയപരവും വീക്ഷണപരവുമായ വൈജാത്യം പരിഹാസം നിറഞ്ഞതും അതിലേറെ വൈരുധ്യവുമാണ്.
1923ല്‍ സവര്‍ക്കര്‍ രചിച്ച 'ഹിന്ദുത്വ' മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തം അഹഹിഷ്ണുതയുടെയും അകല്‍ച്ചയുടെയും ആക്രമണോത്സുകതയുടേതുമാണ്. രാഷ്ട്രീയാധിപത്യവും അധികാരവും നേടിയെടുക്കാന്‍ സ്വന്തം സമുദായാംഗങ്ങളെ വൈകാരികമായി ഉത്തേജിപ്പിച്ചു, കായികമായി അഭ്യസിപ്പിച്ചു, ഇതര സമുദായങ്ങളോട് അടങ്ങാത്ത വെറുപ്പും വിദ്വേഷവും അണികളുടെ മനസിലേക്ക് സമന്വയിപ്പിച്ച് മുന്നാട്ടുപോകാന്‍ മണ്ണും മനസും പാകപ്പെടുത്തിയ സവര്‍ക്കര്‍ എന്ന ഹിന്ദുത്വാചാര്യനെ മാതൃകാ പുരുഷനാക്കി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന സംഘ്പരിവാറിന്റെ നിലവിലെ കാരണവര്‍, ഇത്തവണത്തെ പ്രഭാഷണം തയാറാക്കുന്നതിന്റെ ഭാഗമായെങ്കിലും സ്വാമി വിവേകാനന്ദന്റെ ചിന്തകളും നിലപാടുകളും ഒരാവര്‍ത്തി കണ്ടിരിക്കുമോ എന്ന് പറയാനാവില്ല. ഗാന്ധിവധത്തില്‍ പ്രതിയായ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന മഹാരാഷ്ട്ര ബി.ജെ.പിയുടെ ആവശ്യത്തിനു തൊട്ടുപിന്നാലെ ഭാരതത്തിന്റേതായ ചരിത്രരചന ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞിവച്ചതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സത്യത്തിനും നീതിക്കും സഹിഷ്ണുതാ ബോധത്തിനും സമന്വയരീതിക്കും വലിയ ഊന്നല്‍ നല്‍കുന്ന സനാതന ധര്‍മത്തെ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ ഹൈജാക്ക് ചെയ്ത് എവിടെ കൊണ്ടെത്തിച്ചുവെന്നതിനു വര്‍ത്തമാന സംഭവ വികാസങ്ങള്‍ക്കപ്പുറം വേറെ തെളിവു തിരയേണ്ടതില്ല.
1893 സെപ്റ്റംബര്‍ 11, 27 തിയതികളില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ലോക മത മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം തന്നെ സ്വാമി, തന്റെ സവിശേഷമായ രൂപഭാവവും സ്വതസിദ്ധമായ വാഗ്വിലാസവും ചിന്താബന്ധുരമായ വാക്കുകളും കൊണ്ട് സദസിനെ അഭിമുഖീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് അന്നത്തെ ലോകം ഇന്ത്യയുടെ ആധ്യാത്മിക മേന്മയെയും സാംസ്‌കാരിക പാരമ്പര്യത്തെയും അടുത്തറിയുന്നത്. അതിന്റെ സമാപന സമ്മേളനത്തില്‍ സ്വാമി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വര്‍ത്തമാന ഹിന്ദുത്വത്തിന്റെ മുഖംമൂടി അനാവരണം ചെയ്യാന്‍ പര്യാപ്തമാണ്. 27നു സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു: 'ഒരു ക്രിസ്ത്യാനി ഹിന്ദുവോ ബുദ്ധമതക്കാരനോ ആയി മാറണമെന്നില്ല; മറിച്ചും. ഓരോ മതവും സ്വത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവയുടെ ചൈതന്യം ഉള്‍ക്കൊള്ളുകയും വേണം. ഈ മത മഹാസമ്മേളനത്തിനു നല്‍കാനുള്ള പരമമായ സന്ദേശമിതാണ്. മതശ്രേഷ്ഠതയോ പരിശുദ്ധിയോ ദീനാനുകമ്പയോ ഒരു മതത്തിന്റെയും കുത്തകയല്ല. എല്ലാ മതവിഭാഗങ്ങളും ആദര്‍ശനിഷ്ഠരും അത്യുന്നതരുമായ സ്ത്രീ പുരുഷന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ആരെങ്കിലും സ്വന്തം മതത്തിന്റെ കേവലമായ ആധിപത്യത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ടെങ്കില്‍, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാനവരോട് സഹതപിക്കുന്നു. പരസ്പരം സഹായിക്കുക, പോരാടാതിരിക്കുക, നന്മയെ ഉള്‍ക്കൊള്ളുക, പരസ്പരം നശിപ്പിക്കാതിരിക്കുക, കലഹത്തിനു പകരം ശാന്തിയും സമാധാനവും സ്വീകരിക്കുക, ഈ മുദ്രാവാക്യങ്ങളാണ് മത മഹാസമ്മേളനം ലോകത്തിന് നല്‍കുന്ന അതിശ്രേഷ്ഠമായ സന്ദേശം'. (സ്വാമി വിവേകാനന്ദന്‍: പി.കെ ശ്രീധരന്‍).
അതേ വിജയദശമി പ്രഭാഷണത്തിലാണ് മോഹന്‍ ഭഗാവത് ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്ന കാര്യം ഊന്നിപ്പറഞ്ഞത്. ആദ്യം എന്താണ് ഇന്ത്യയെന്നും എന്താണ് ഹിന്ദുരാജ്യത്തിന്റെ വിവക്ഷയെന്നും സംഘ്പരിവാര്‍ വ്യക്തമാക്കണം. ഭാരതത്തിന് എങ്ങനെയാണ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പേരു ലഭിച്ചത്, ഒരു മതമെന്ന നിലയില്‍ ഹിന്ദുമതം എന്ന ഒരു സംഘടിതമതം ചരിത്രത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും പ്രാമാണിക ഗ്രന്ഥത്തില്‍ ഹിന്ദുത്വത്തിനോ ഹിന്ദു മതമെന്ന പേരിനോ തെളിവ് ഹാജരാക്കാന്‍ കഴിയുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയതിനു ശേഷം മതിയല്ലോ ഇന്ത്യയെ ഹിന്ദുരാജ്യമാണോ എന്നു തീരുമാനിക്കാന്‍. ഇന്ത്യയിലെ സവര്‍ണര്‍ ആര്യന്‍മാരുടെ പിന്‍മുറക്കാരാണെന്നും ആര്യന്‍ എന്ന പദം മധ്യേഷ്യയിലെ ഇന്നത്തെ ഇറാന്‍ എന്ന പേരിന്റെ വകഭേദമാണെന്നുമുള്ള അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്നു വരുമ്പോള്‍ ഇന്ത്യ ഹിന്ദുത്വത്തിന്റെ പിതൃഭൂമിയാണെന്ന അവകാശവാദവും സംശയത്തിന്റെ നിഴലിലാവുന്നു. മറ്റൊന്ന്, ചരിത്രത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഭൂമിശാസ്ത്ര ഘടനയില്‍ ഇന്ത്യയെന്ന ഒരു രാജ്യം നിലനിന്നിരുന്നോ, അത് ഹിന്ദുരാജ്യമായിരുന്നോ... വിവിധ കാലഘട്ടങ്ങളില്‍ ഇന്ന് ഇന്ത്യയായി അറിയപ്പെടുന്ന ഭൂപ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ഹൈന്ദവരും ബുദ്ധന്‍മാരും മറ്റുമായ വിവിധ വംശങ്ങള്‍ കൊച്ചുകൊച്ചു രാജ്യങ്ങളായും നാട്ടുഭരണമായും ഒക്കെ ഭരിച്ചിരുന്നുവെന്നല്ലാതെ ഇന്ത്യയെന്ന റിപ്പബ്ലിക്കോ യൂനിയനോ ഒരുകാലത്തും യാഥാര്‍ഥ്യമായിരുന്നില്ല.
വിവിധ രാജഭരണകാലങ്ങളിലായി വെട്ടിപ്പിടിച്ചും കൂട്ടിച്ചേര്‍ത്തും വികസിച്ച പ്രദേശങ്ങളാണ് സ്വാതന്ത്ര്യം നേടി നാട്ടുഭരണവും സ്വതന്ത്രരാജ്യ പദവിയുമൊക്കെ കൈയൊഴിഞ്ഞ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നത്. അത്തരമൊരു ഏകീകരണത്തിലേക്ക് നയിച്ചതില്‍ മുസ്‌ലിം രാജാക്കന്മാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും ഭരണങ്ങള്‍ക്ക് അവഗണിക്കാനാവാത്ത പങ്കുണ്ടെന്ന കാര്യവും ചരിത്രപരമായ വസ്തുതയാണ്. ഏതെങ്കിലും ജാതിയോ മതമോ സ്ഥലവാസികളോ മാത്രം കൂടിച്ചേര്‍ന്നു തീരുമാനിച്ചുണ്ടാക്കിയതല്ല ഈ രാജ്യമെന്നര്‍ഥം. ഇവിടത്തെ ഒരു വിഭാഗത്തെ വിദേശികളായി മുദ്രകുത്തി പുറത്താക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ പേരും മതത്തിന്റെ പേരും വിദേശീയമാണ്. 'ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സിന്ധു നദിയുടെ പേരില്‍ നിന്നാണ് ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. അറബികള്‍ സിന്ധു നദിക്കപ്പുറം നിവസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന അല്‍ ഹിന്ദ് എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിനു പ്രചാരം ലഭിച്ചത്. പേര്‍ഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്റെ ഉപജ്ഞാതാക്കള്‍ എന്നും കരുതപ്പെടുന്നു. സിന്ധുനദിയുടെ തീരത്തു വസിച്ചിരുന്നവരെന്ന അര്‍ഥത്തില്‍ സിന്ധി എന്നാണ് പേര്‍ഷ്യക്കാര്‍ ഇവരെ വിളിച്ചിരുന്നത്. എന്നാല്‍ 'സി' എന്ന ഉച്ചാരണം പേര്‍ഷ്യന്‍ ഭാഷയില്‍ ഇല്ലാത്തതിനാല്‍ അത് 'ഇന്ദ്' അല്ലെങ്കില്‍ 'ഹിന്ദ്' എന്നായിത്തീര്‍ന്നു. (എം.ആര്‍ രാഘവ വാര്യര്‍; ചരിത്രത്തിലെ ഇന്ത്യ). അപ്പോള്‍ അത്തരമൊരു പ്രദേശത്ത് രൂപംകൊണ്ട മതം എന്ന അര്‍ഥത്തിലാണ് ഒന്‍പത് മതങ്ങളും അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ഗോത്രവിചാരങ്ങളും ചേര്‍ന്ന സനാതന ധര്‍മം ഹൈന്ദവ മതമെന്നോ സംസ്‌കാരമെന്നോ അറിയപ്പെട്ടു തുടങ്ങിയത്'.
വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും മഹാവൈവിധ്യം മൂലം ആരാണ് ഹിന്ദു എന്നതിന് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു നിര്‍വചനം നല്‍കുക സാധ്യമല്ല. 1995ല്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പി.ബി ഗജേന്ദ്ര ഗാഡ്കര്‍ ഇപ്രകാരം ഉദ്ധരിച്ചു: 'നാം ഹിന്ദുമതത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ലോകത്തിലെ മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായി ഹിന്ദുമതം ഒരു പ്രത്യേക പ്രവാചകനെ അവകാശപ്പെടുന്നില്ല. ഒരു പ്രത്യേക ദൈവത്തെ മാത്രം ആരാധിക്കുന്നില്ല. ഒരു പ്രത്യേക സിദ്ധാന്തമോ തത്വമോ പിന്തുടരുന്നില്ല. ഒരു പ്രത്യേക ദാര്‍ശനിക ആശയത്തില്‍ മാത്രം വിശ്വസിക്കുന്നില്ല. ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ള മതപരമായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പിന്തുടരുന്നില്ല; യഥാര്‍ഥത്തില്‍ അതൊരു മതത്തിന്റെ പരമ്പരാഗത സങ്കുചിത ലക്ഷണങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തീകരിക്കുന്നില്ല. അതിനെ വളരെ വിശാലമായി ഒരു ജീവിതരീതി എന്നു വിശേഷിപ്പിക്കാം. അതിലപ്പുറം ഒന്നുമല്ല'. ഇങ്ങനെയെല്ലാം ഉള്‍ച്ചേര്‍ന്ന സംസ്‌കാരത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്ന ആര്‍.എസ്.എസിന്റെ ശ്രമങ്ങളെ ചെറുത്തുനിര്‍ത്തേണ്ടതുണ്ട്.
ഇന്ത്യയുടെ പുരാതന സംസ്‌കൃതിയെ കുറിച്ചും ഭാഗവത് തന്റെ പ്രസംഗത്തില്‍ വാചാലനാകുന്നുണ്ട്. ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം 'എന്താണ് ഇന്ത്യയുടേത് മാത്രമായ സംസ്‌കാരം' എന്നതാണ്. നിലനില്‍ക്കുന്ന പല സാംസ്‌കാരിക മുദ്രകളും നൂറ്റാണ്ടുകള്‍ക്കിടയില്‍ വിവിധ സമൂഹങ്ങളുമായി സഹവസിച്ചും സമ്പര്‍ക്കപ്പെട്ടും രൂപപ്പെട്ടതാണ്. നമ്മുടെ പല നന്മകളും വിദേശികള്‍ സ്വായത്തമാക്കിയതു പോലെ അവരില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ നാം ഉള്‍ക്കൊണ്ടിട്ടുമുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ ഫലമായുണ്ടായ വിവേചനവും സതി സമ്പ്രദായവും താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമില്ലാത്തതും ദേവദാസി സമ്പ്രദായവുമൊക്കെ നമ്മുടെ സമൂഹത്തില്‍നിന്ന് വിപാടനം ചെയ്യപ്പെടേണ്ടതാണെന്നു തോന്നിത്തുടങ്ങിയത് പുറത്തുള്ളവരുമായി സമ്പര്‍ക്കപ്പെട്ട് തുടങ്ങിയപ്പോള്‍ മാത്രമാണ്. അങ്ങനെ അപഗ്രഥിക്കുമ്പോള്‍ ഭാഷയും സംസ്‌കാരവും ഇവിടെ കടന്നുവന്ന് ഭരണം നടത്തിയ വിവിധ വംശങ്ങളുടെ സംഭാവനയാണ്. അറബി , പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുള്ള സ്വാധീനം സ്വീകരിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദുസ്ഥാനി ഭാഷ വളര്‍ന്നുവികസിച്ചത്. ആ ഭാഷയാണ് പിന്നീട് ഉര്‍ദുവും ഹിന്ദിയുമായി വേര്‍പിരിഞ്ഞത്.
എട്ടു നൂറ്റാണ്ടുകാലത്തോളം മുസ്‌ലിംകളും രണ്ട് നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാരും രാജ്യം ഭരിച്ചിട്ടും അതിനു മുന്‍പുണ്ടായ പല ക്ഷേത്രങ്ങളും മന്ദിരങ്ങളും യാതൊരു കേടുപാടും കൂടാതെ ഇവിടെ നിലനില്‍ക്കുന്നുവെന്ന കാര്യം ഓര്‍മിക്കപ്പെടണം. അവയ്‌ക്കൊന്നും ബാബരി മസ്ജിദിന്റെ ഗതിയുണ്ടായില്ല. അതിനര്‍ഥം അന്നത്തെ ഭരണകൂടങ്ങളും അവരുടെ മതത്തിന്റെ അനുയായികളും മറ്റുള്ളവരോട് ഉദാരമായും സഹിഷ്ണുതയോടെയും പെരുമാറിയിരുന്നു എന്നതു തന്നെയാണ്.
ചുരുക്കത്തില്‍, ഇന്ത്യയുടെയും ഹിന്ദുമതത്തിന്റെയും പേരു മുതല്‍ ഭാഷ, സംസ്‌കാരം, രാഷ്ട്രീയ ഭൂപടം, പ്രധാന ചരിത്രസ്മാരകങ്ങള്‍ തുടങ്ങിയവയിലെല്ലാം പലരോടും കടപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ ഭൂതകാല ചരിത്ര യാഥാര്‍ഥ്യങ്ങളെല്ലാം തിരസ്‌കരിച്ച് ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ധര്‍മത്തിന്റെയോ സങ്കുചിത വൃത്തത്തിലേക്ക് ചുരുട്ടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ മിതഭാഷയില്‍ ഈ രാജ്യത്തിന്റെ ഗുണകാംക്ഷികളല്ലെന്ന് തീര്‍ത്തുപറയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."