ഇന്ത്യയിലെ ചില വിമാനത്താവളങ്ങളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി
ദോഹ: ഇന്ത്യയിലെ ചില എയര്‍പോര്‍ട്ടുകളിലുള്ള എക്‌സ്‌ചേഞ്ചുകളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. അതേസമയം, റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി അങ്ങിനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
ഗോവ, ബാഗ്ലൂര്‍ വിമാനത്താവളങ്ങളിലെ എക്‌സ്‌ചേഞ്ചുകളില്‍ നിന്നാണ് പ്രധാനമായും പരാതി ലഭിച്ചിരിക്കുന്നത്. നേരത്തേ മംഗലാപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരും സമാനമായ പരാതി ഉന്നയിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അതുവഴി യാത്ര ചെയ്ത മലയാളി പറഞ്ഞു.
എന്നാല്‍, ഈ വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങിനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. നേരത്തേ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ സെന്‍ട്രിയം എക്‌സ്‌ചേഞ്ചില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ളത് കാരണം ഖത്തര്‍ റിയാല്‍ സ്വീകരിക്കുന്നതല്ല എന്ന് നോട്ടീസ് പതിച്ചിട്ടുള്ളതായി യാത്രക്കാരനായ കൃഷ്ണ ദി പെനിന്‍സുല പത്രത്തോട് പറഞ്ഞു. ഈ വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടിയതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.
നേരത്തേ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളോട് ഖത്തര്‍ റിയാല്‍ സ്വീകരിക്കേണ്ടതില്ലെന്ന് സിയാല്‍ അറിയിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് വിലക്കെന്നാണ് ഡയറക്ടര്‍ എം സി കെ നായര്‍ അന്ന് വിശദീകരണം നല്‍കിയത്.
എന്നാല്‍, അങ്ങിനെയൊരു ഉത്തരവില്ലെന്ന് റിസര്‍വ് ബാങ്ക് തന്നെ അറിയിക്കുമ്പോള്‍ എവിടെ നിന്നാണ് ഈ നിര്‍ദേശം വന്നതെന്നത് അവ്യക്തമാണ്. ഖത്തര്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞേക്കുമെന്ന ഭയത്തില്‍ എക്‌സ്‌ചേഞ്ചുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മറ്റും സ്വയം തന്നെ തീരുമാനമെടുക്കുന്നതായാണ് സൂചന. എന്നാല്‍, ഖത്തറിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ റിയാലിന്റെ മൂല്യം അടുത്ത കാലത്തൊന്നും കാര്യമായി കുറയാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഈദ്, സ്‌കൂള്‍ അവധി പ്രമാണിച്ച് നിരവധി പ്രവാസികള്‍ നാട്ടിലേക്കു മടങ്ങുന്ന സമയമാണിത്. കൈയിലുള്ള ഖത്തര്‍ റിയാല്‍ നാട്ടിലെ വിമാനത്താവളത്തില്‍ നിന്ന് മാറി അത്യാവശ്യത്തിന് ഉപയോഗിക്കാമെന്ന് കരുതുന്നവര്‍ കുടുങ്ങാനുള്ള സാധ്യതയുണ്ട്. യാത്ര പോകുന്നവര്‍ ഇവിടെ നിന്ന് തന്നെ റിയാല്‍ മാറി ഇന്ത്യന്‍ രൂപയാക്കി കൊണ്ടു പോവുന്നതാവും ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."