ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ 33,000 കുപ്പി ബേബി പൗഡര്‍ പിന്‍വലിക്കുന്നു
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വഴി വിറ്റ ബോട്ടിലുകളില്‍ നിന്നെടുത്ത സാംപിളുകളില്‍ കാന്‍സറിനു കാരണമായേക്കാവുന്ന ആസ്ബസ്റ്റോസ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വിപണിയില്‍ നിന്ന് 33,000 കുപ്പി ബേബി പൗഡര്‍ പിന്‍വലിക്കുന്നു. ഇതോടെ കമ്പനിയുടെ ഷെയര്‍ വില ഓഹരിവിപണിയില്‍ ആറു ശതമാനം ഇടിഞ്ഞ് 127.7 ഡോളറിലെത്തി.
യു.എസ് ആരോഗ്യ വിഭാഗമാണ് മരണകാരണമാകുന്ന ആസ്ബസ്റ്റോസ് അംശം പൗഡറിലുള്ളതായി കണ്ടെത്തിയത്. ആസ്ബസ്‌റ്റോസ് ഉള്ളതിന്റെ പേരില്‍ കമ്പനി പൗഡര്‍ പിന്‍വലിക്കുന്നത് ഇതാദ്യമാണ്.
ശ്വാസകോശത്തിനും നെഞ്ചിനും കാന്‍സര്‍ ബാധിക്കാന്‍ ഇടയാക്കുന്ന വിഷവസ്തുവാണ് ആസ്ബസ്റ്റോസ്. വേദനസംഹാരി, ബേബി പൗഡര്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങളിലെ അനാരോഗ്യഘടകങ്ങള്‍ മൂലം 130 വര്‍ഷത്തെ പാരമ്പര്യമുള്ള ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിക്കെതിരേ ആയിരക്കണക്കിനു കേസുകള്‍ വിവിധ കോടതികളിലായി നിലവിലുണ്ട്. കമ്പനിയുടെ ഉല്‍പന്നം ഉപയോഗിച്ചതുമൂലം മനോവൈകല്യമുണ്ടായെന്ന് വാദിച്ച ഉപഭോക്താവിന് 800 കോടി ഡോളര്‍ പിഴയായി നല്‍കാന്‍ കഴിഞ്ഞയാഴ്ച ഒരു യു.എസ് കോടതി വിധിച്ചിരുന്നു.
ബേബി പൗഡറുള്‍പ്പെടെ ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചെന്നു കാട്ടി ഉപഭോക്താക്കള്‍ കൊടുത്ത കേസുകളുടെ എണ്ണം 15,000 കവിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."