പകര്‍ച്ചപ്പനി നിയന്ത്രണം; തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ നിയമിക്കാം: മന്ത്രി തോമസ് ഐസക്
ആലപ്പുഴ: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താത്കാലികമായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എം.എല്‍.എ. ഫണ്ട് അവലോകന യോഗത്തില്‍ ആധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
പി.എച്ച്.സികളില്‍ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സി.എച്ച്.സികളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാം.
രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത്പ്ലാന്‍ ഫണ്ടില്‍നിന്ന് ഇവര്‍ക്കുള്ള വേതനം ദേശീയാരോഗ്യദൗത്യത്തിന്റെ മാനദണ്ഡപ്രകാരം നല്‍കാം. ചെലവുകള്‍ പിന്നീട് സര്‍ക്കാര്‍ നല്‍കും. ഡോക്ടര്‍മാരെ നിയമിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതു സംബന്ധിച്ച നിര്‍ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കി. ജൂണ്‍ 24, 27, 28, 29 തീയതികളില്‍ ജില്ലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ തദ്ദേശസ്വയംഭരസ്ഥാപനങ്ങളും വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ വെള്ളം എത്തിക്കുന്നതിനായി പൈപ്പ് സ്ഥാപിക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നടന്നുവരുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണമ്മ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."