ഫോട്ടോ ഫിനിഷ്: ആരാകും അരൂരിന്റെ 'അഞ്ചാം'പ്രതിനിധി?
ആലപ്പുഴ: അരൂരിന്റെ അഞ്ചാമത്തെ പ്രതിനിധി ആരാവുമെന്നതില്‍ ആകാംക്ഷയേറ്റി ഫൈനല്‍ ലാപ്പിലും ഷോട്ടോ ഫിനിഷിങ്. നിയമസഭാ ചരിത്രത്തിലെ അരൂരിന്റെ ആദ്യ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ കൊട്ടിയിറങ്ങി.
അഞ്ചാമത്തെ ജനപ്രതിനിധിയെ നിശ്ചയിക്കാന്‍ അരൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്), മനു സി. പുളിക്കല്‍ (സി.പി.എം), പ്രകാശ് ബാബു (ബി.ജെ.പി). മൂന്നു മുന്നണി സ്ഥാനാര്‍ഥികള്‍ക്കും അവസാനലാപ്പിലും നിറഞ്ഞ പ്രതീക്ഷ.
വിവാദങ്ങളും വികസനവും വിശ്വാസവും സമാസമം ചേര്‍ത്തു ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് അരൂര്‍ സാക്ഷിയായത്. ഈ നാലു പേരോടു മാത്രമാണ് അരൂര്‍ ഇതുവരെ ഇഷ്ടം കാട്ടിയത്. പി.എസ് കാര്‍ത്തികേയന്‍ (കോണ്‍ഗ്രസ്), കെ.ആര്‍ ഗൗരിയമ്മ (സി.പി.എം, ജെ.എസ്.എസ്), പി.എസ് ശ്രീനിവാസന്‍ (സി.പി.ഐ), എ.എം ആരിഫ് (സി.പി.എം). 1957, 60 തെരഞ്ഞെടുപ്പില്‍ പി.എസ് കാര്‍ത്തികേയനിലൂടെ കോണ്‍ഗ്രസാണ് അരൂരില്‍ പടയോട്ടത്തിന് തുടക്കമിട്ടത്.
1965 ല്‍ കെ.ആര്‍ ഗൗരിയമ്മയെ ഇറക്കി സി.പി.എം ചുവപ്പിച്ചു. ഗൗരിയമ്മയുടെ വിജയപര്‍വത്തിന് 77 ല്‍ സി.പി.ഐയിലെ പി.എസ് ശ്രീനിവാസന്‍ തടയിട്ടു. കോണ്‍ഗ്രസ് പിന്തുണയിലായിരുന്നു സി.പി.ഐയുടെ പോരാട്ടം.
1980 ല്‍ ഗൗരിയമ്മയിലൂടെ തന്നെ സി.പി.എം അരൂര്‍ തിരിച്ചെടുത്തു. തുടര്‍ന്നിങ്ങോട്ട് 82, 87, 91 തെരഞ്ഞെടുപ്പുകളിലും സി.പി.എം ടിക്കറ്റില്‍ തന്നെ ഗൗരിയമ്മ ജയിച്ചു കയറി. 96 ല്‍ കളം മാറ്റി ചവിട്ടി. കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മിനെതിരേ പടനയിച്ച ഗൗരിയമ്മ 16,533 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ തന്നെ അരൂരിനെ വലത്തോട്ട് അടുപ്പിച്ചു.
2001 ലും ഗൗരിയമ്മയെ അരൂരും അരൂരിനെ ഗൗരിയമ്മയും കൈവിട്ടില്ല. 2006 ല്‍ ഗൗരിയമ്മ അരൂരില്‍ ചുവടുതെറ്റി വീണു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഗൗരിയമ്മയുടെ പടിയിറക്കത്തിന്റെ തുടക്കം. യുവത്വത്തെ ഇറക്കി പരിചയസമ്പത്തിനെ വീഴ്ത്തിയ സി.പി.എം എ.എം ആരിഫിലൂടെ അരൂരിനെ വീണ്ടും ചുവപ്പിച്ചു.
ഗൗരിയമ്മ അരൂര്‍ വിട്ടു ചേര്‍ത്തലയിലേക്ക് ചേക്കേറിയ 2011 ലും ആരിഫ് തന്നെയായി വിജയി. 2016 ല്‍ ഏറ്റവും മികച്ച ഭൂരിപക്ഷമായ 38,519 വോട്ടിനായിരുന്നു ആരിഫിന്റെ ഹാട്രിക് ജയം. പി.എസ് കാര്‍ത്തികേയന് ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അരൂരില്‍ വിജയം കണ്ടിട്ടില്ലെന്നത് ചരിത്രം.
തിളങ്ങിനിന്ന ആരിഫിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 648 വോട്ടിന് പിന്നിലാക്കി ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മുന്നിലെത്തി. 648 മാന്ത്രിക സംഖ്യ നല്‍കുന്ന മുന്‍തൂക്കമാണ് ഷാനിമോളുടെയും കോണ്‍ഗ്രസിന്റെയും ആത്മവിശ്വാസവും.
54 വര്‍ഷമായി ഒരു കോണ്‍ഗ്രസ് ജനപ്രതിനിധി അരൂരിന്റെ നായകനോ നായികയോ ആയിട്ട്. അരനൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിന് തിരുത്തെഴുതാന്‍ ഷാനിമോളിലൂടെ കഴിയുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നു. പ്രചാരണ രംഗത്തും ഈ ആത്മവിശ്വാസം നിഴലിച്ചിരുന്നു. ഇടതോരം ചേര്‍ന്നൊഴുകുന്ന ചരിത്രത്തില്‍ അരൂരിന്റെ അഞ്ചാമന്‍ മനു സി. പുളിക്കല്‍ തന്നെയെന്ന് സി.പി.എമ്മും ഉറപ്പിക്കുന്നു. ഇടതുപക്ഷം ആഴത്തില്‍ വേരോട്ടം നടത്തിയ മണ്ണിലെ തോല്‍വി, സി.പി.എമ്മിന് മാത്രമല്ല സര്‍ക്കാരിനു ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. അരൂരിന്റെ അവകാശം ഉറപ്പിക്കാന്‍ സകല അടവുകളും പയറ്റിയാണ് മുന്നണികള്‍ പ്രചാരണത്തിന് അന്ത്യം കുറിച്ചത്. ഇടതിനും വലതിനും അങ്കം അഭിമാനത്തിന്റേതാണ്. ബി.ജെ.പിക്ക് വോട്ട്ബാങ്ക് വളര്‍ച്ചയുടെ കണക്കെടുപ്പു മാത്രമല്ല ബി.ഡി.ജെ.എസിന്റെ വിശ്വാസ്യതയുടെ അളവുകോലും കൂടിയാണ് അരൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."