തീരദേശത്ത് പകര്‍ച്ചപ്പനി വ്യാപകം
തുറവൂര്‍: തീരദേശത്ത് പകര്‍ച്ചപ്പനി വ്യാപകമായി. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ ഏറെ ദുരിതത്തിലുമായി. പട്ടണക്കാട്,തുറവുര്‍ ,കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നി പഞ്ചായത്തുകളിലെ മത്സ്യസംസ്‌ക്കരണ രംഗത്ത് ജോലി ചെയ്യുന്നവരാണ് തൊഴില്ലായ്മയും പകര്‍ച്ചപ്പനിയും മൂലം പട്ടിണിയിലായി.
ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പകര്‍ച്ചപ്പനി ബാധിച്ച് എത്തുന്നവരില്‍ ഭൂരിഭാഗവും മത്സ്യസംസ്‌ക്കരണ മേഖലയിലെ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ്. ട്രോളിങ് നിരോധനം മൂലം സമുദ്രോല്‍പന്ന സംസ്‌ക്കരണ ശാലകളും ഐസ് പ്ലാന്റുകളും അനുബന്ധ വ്യവസായ യൂനിറ്റുകളും അടഞ്ഞുകിടക്കുകയാണ്. വ്യവസായ യൂണിറ്റുകളുടെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണികള്‍ക്കായാണ് ഈ സമയം വിനിയോഗിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചില പീലിങ് കമ്പനികള്‍ സ്വന്തം നിലയില്‍ സമുദ്രോല്‍പന്നങ്ങള്‍ എടുത്ത് സംസ്‌ക്കരിക്കുന്നുണ്ടെങ്കിലും ചെറിയ ശതമാനം പേര്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളു.
ട്രോളിങ് നിരോധന കാലത്ത് ഓരോ സര്‍ക്കാരും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കമ്മീഷനെ നിയമിക്കുമെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാറില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. സമുദ്രോല്‍പന്ന സംസ്‌ക്കരണ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം ഉടനെ നല്‍കണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."