ഹിലാരിയും തുള്‍സിയും തമ്മില്‍ വാക്പോര്
വാഷിങ്ടണ്‍: ഡെമോക്രാറ്റ് നേതാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണ് യുദ്ധക്കൊതിയുടെ രാജ്ഞിയെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളിലൊരാളായ തുള്‍സി ഗബ്ബാര്‍ഡ്. യു.എസ് കോണ്‍ഗ്രസ് അംഗമായ തുള്‍സി ഗബ്ബാര്‍ഡ് റഷ്യയ്ക്ക് പ്രിയപ്പെട്ട ആളാണെന്ന് അവരുടെ പാര്‍ട്ടിയില്‍ പെട്ട നേതാവായ ഹിലാരി ഒരു അഭിമുഖത്തില്‍ പരിഹസിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്.
തുള്‍സി മത്സരിക്കുന്നത് ട്രംപിനെ രണ്ടാം തവണയും പ്രസിഡന്റാകാന്‍ സഹായിച്ചേക്കാമെന്നും ഹിലാരി അഭിപ്രായപ്പെട്ടു. ഡേവിഡ് പ്ലഫിന്റെ കാംപെയിന് ഹെഡ്ക്വാര്‍ട്ടേഴ്സ് പോഡ്കാസ്റ്റിലാണ് ഹിലാരി തുള്‍സി ഗബ്ബാര്‍ഡിനെതിരെ രംഗത്തെത്തിയത്. റഷ്യന്‍ വെബ്സൈറ്റുകള്‍ അവരെ വ്യാപകമായി പിന്തുണക്കുന്നുണ്ടെന്നും തുള്‍സിയുടെ പേരെടുത്ത് പറയാതെ ഹിലാരി പറഞ്ഞിരുന്നു.
അതേസമയം യുദ്ധവെറിയുള്ളവളും അഴിമതിക്കാരിയുമാണ് ഹിലാരിയെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ നശിപ്പിക്കുന്ന അവര്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും തുള്‍സി ഗബ്ബാര്‍ഡ് കുറ്റപ്പെടുത്തി. യു.എസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡിനെതിരെ എതിരാളികള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന് അവര്‍ തീവ്ര ഹിന്ദുത്വ ആശയമുള്ളവളാണ് എന്നതാണ്. അതേസമയം വലതുപക്ഷ വെള്ള ദേശീയവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം ഗബ്ബാര്‍ഡ് തള്ളുകയാണ്.
2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം നേടുന്നതില്‍ വിജയിച്ച ഹിലാരി, അവസാന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെടുകയായിരുന്നു. ഹിലാരിക്കെതിരായ പ്രചാരണത്തിലടക്കം റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ ട്രംപ് സ്പെഷല്‍ കോണ്‍സല്‍ അന്വേഷണം നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."