കൈമുദ്രകളിലെ കവിത ഇനി ഓര്മ
പറശ്ശിനിക്കടവ്: വടക്കേ മലബാറിലെ കഥകളിസദസുകള്ക്കു മുന്പില് ആടിതിമിര്ത്തകഥകളി ആചാര്യന് പറശ്ശിനി കുഞ്ഞിരാമനാശാന് ഇനി ഓര്മ. മലയാളികളുടെ തനത് കലാരൂപത്തിന് നിരവധി അനശ്വര വേഷങ്ങള്‍ കഥകളി ആസ്വാദകര്‍ക്ക് പകര്‍ന്നു കൊടുത്ത ആശാന്റെ ജീവിതം ഒരു ഇതിഹാസമായിരുന്നു. ഒരുഅധ്യാപകന്റെ മകനായി ജനിച്ച കുഞ്ഞിരാമന് ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ വിയോഗത്താല്‍ വിദ്യാഭ്യാസം തടസപ്പെട്ട നിര്ഭാഗ്യവാന് ആയിരുന്നു. എന്നാല്‍ അതില്‍ നിന്നും കഥകളിയിലേക്ക് തിരിഞ്ഞ കുഞ്ഞിരാമന് അതിന്റെ കുലപതിയായി മാറി. ആശാന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റെ നരകയാതന കൂടിയായിരുന്നു. ആറുപതിറ്റാണ്ട് കാലം കഥകളി രംഗത്ത് നിറഞ്ഞാടിയ ആശാന് വളരെ വൈകിയാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അംഗീകാരം ലഭിച്ചത്. പിതാവ് മരിച്ചപ്പോള്‍ രണ്ടാനച്ഛന്റെ തണലിലായിരുന്നു ജീവിതം. പതിനൊന്നാമാത്തെ വയസില്‍ പറശ്ശിനിക്കടവ് മടപ്പുരക്ക് സമീപത്തെ ചായക്കടക്കാരനായി ജീവിതം തുടങ്ങിയ സമയത്ത് പറശ്ശിനി കഥകളി യോഗത്തിന്റെ കീഴില്‍ കേരളത്തിലങ്ങോളമിങ്ങോള മുള്ള കഥകളി ആശാന്മാര് എത്തി വേഷംകെട്ടി തിമര്‍ക്കുന്ന കാലഘട്ടം കൂടിയായിരുന്നു.
അരനൂറ്റാണ്ടിലേറെ പറശ്ശിനി കഥകളി യോഗത്തിന്റെ കുലപതിയായാണ് കലാരംഗത്ത് നിറഞ്ഞുനിന്നത്. ഗുരു ചന്തു പണിക്കര്‍, അമ്പുപണിക്കര്‍, ചിണ്ടന് പണിക്കര്‍ തുടങ്ങിയ കഥകളി ആചാര്യന്മാരോടൊപ്പം നിരവധി വേഷങ്ങളും ആശാന് അണിഞ്ഞിരുന്നു. പറശ്ശിനി കഥകളി യോഗത്തില്‍ നിന്നും വിട്ടുനിന്ന് തളിപ്പറമ്പ് ആസ്ഥാനമായി ഒരു കഥകളി സംഘത്തിനും ആശാന് രൂപം കൊടുത്തിരുന്നെങ്കിലും മുന്നോട്ട് കൊണ്ടുപോയില്ല. വൈകികിട്ടിയ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപഹാരം ശിഷ്ടകാലത്ത് കുഞ്ഞിരാമന് എന്ന കഥകളി ആചാര്യന്റെ സംഭാവനക്ക് നല്കിയ വലിയ അംഗീകാരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."