സ്മാര്‍ട്ട് ഫയര്‍ സ്റ്റേഷന്‍ ഒരുക്കി കണ്ണൂര്‍ വിമാനത്താവളം: സമ്പൂര്‍ണ്ണം; സുരക്ഷ
കണ്ണൂര്‍: ഏറ്റവും ആധുനികമായ ഫയര്‍ സ്റ്റേഷനും അഗ്നിശമന വാഹനങ്ങളും ഒരുങ്ങിയതോടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ . സുരക്ഷാ സജ്ജീകരണങ്ങളുടെ കാര്യത്തില്‍ കാറ്റഗറി ഒന്‍പത് ലെവലില്‍ ഉള്‍പ്പെട്ടതോടെയാണ് ഏറ്റവും മികച്ച സുരക്ഷാ സൗകര്യങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ തയാറായത്.
ഏത് അടിയന്തിര സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാലും വെറും രണ്ടു മിനിറ്റിനുള്ളില്‍ റണ്‍വേയിലേക്ക് സര്‍വസന്നാഹങ്ങളുമായി ഓടിയെത്താന്‍ നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അതിനാവശ്യമായ അഗ്നിശമന വാഹനങ്ങളും ഉപകരണങ്ങളും നിലവില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി ആധുനിക രീതിയില്‍ രണ്ടു ഫയര്‍ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. കൂടാതെ എ.ആര്‍.ആര്‍.എഫ് എന്നു ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാലു എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്റ് ഫയര്‍ഫൈറ്റിങ് വാഹനങ്ങളും നേരത്തെ തന്നെ ഇവിടെ എത്തിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം വിമാനങ്ങള്‍ വരുമ്പോഴും പോകുമ്പോഴും റണ്‍വേയില്‍ വിന്യസിക്കും. ബാക്കിയുള്ള ഒരെണ്ണം പടിഞ്ഞാറ് ഭാഗത്തെ ഫയര്‍ സ്റ്റേഷനില്‍ അടിയന്തിര സാഹചര്യം നേരിടാനായി ഒരുക്കിനിര്‍ത്തും. ഈ എ.ആര്‍.ആര്‍.എഫ് വാഹനത്തില്‍ ആവശ്യമായ ഫയര്‍ ഫൈറ്റിങ് ഉദ്യോഗസ്ഥരും ഒരു ആംബുലന്‍സും ഏതുസമയത്തും തയാറായിരിക്കും. കൂടാതെ അടിയന്തിരഘട്ടങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരാനായി മട്ടന്നൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈനും എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സ്റ്റേഷനിലെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വിമാനത്താവളത്തിലെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാവശ്യമായ പരിശീലനവും പൂര്‍ത്തിയായി. ഭാവിയില്‍ ആവശ്യമായി വന്നാല്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കാനായി എയര്‍പോര്‍ട്ടിന്റെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആശുപത്രികളുടെ സഹായവും എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്‌സ് വിഭാഗം ഉറപ്പുവരുത്തിയിട്ടുണ്ട്. കിടത്തിച്ചികിത്സിക്കാനായി ആയിരം ബെഡുകളും മതിയായ ആംബുലന്‍സുകളും മട്ടന്നൂര്‍ മേഖലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് ലഭ്യമാകും. ഫയര്‍ സ്റ്റേഷനില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുള്ള ടാങ്കുകളാണുള്ളത്. അഗ്നിബാധയുണ്ടായാല്‍ ഫലപ്രദമായി തീയണയ്ക്കാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന വിവിധ കെമിക്കലുകള്‍ അടങ്ങിയ പത 5400 ലിറ്റര്‍ വിമാനത്താവളത്തില്‍ ഏതുസമയത്തും തയാറാണ്. കൂടാതെ 9000 ലിറ്റര്‍ പത റിസര്‍വ് എന്ന നിലയിലും വിമാനത്താവളത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സുരക്ഷാ സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് കണ്ണൂര്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."