പ്രാചീനചരിത്രം പേറുന്ന മധ്യപ്രദേശിലൂടെ...
ഏപ്രില്‍മാസത്തെ കൊടുംചൂട് വകവയ്ക്കാതെയാണ് ഞങ്ങള്‍ മധ്യപ്രദേശിലേക്ക് പുറപ്പെട്ടത്. സാഞ്ചി, ഭീംബേട്ക, ഖജുരാഹോ, കെന്‍ ഗാരിയല്‍ സാങ്ച്വറി തുടങ്ങിയവ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി ഭോപ്പാലില്‍ എത്തിയ ഞങ്ങള്‍ ആദ്യം പോയത് സാഞ്ചിയിലേക്ക്.
സാഞ്ചിസ്തൂപം
ഭോപാലില്‍ നിന്നു 48 കിലോമീറ്റര്‍ അകലെയാണ് സാഞ്ചി. ഉച്ചയ്ക്കുമുന്‍പേ അവിടെയെത്തി. പ്രധാന സ്തൂപം അകലെനിന്നേ കണ്ടുതുടങ്ങിയിരുന്നു. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു വലിയ ഗോളം! ആദ്യം അങ്ങനെയാണ് തോന്നിയത്. അടുത്തെത്തിയപ്പോള്‍ കാര്യം പിടികിട്ടി. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവുമുള്ള ഒരു വലിയ ശിലാനിര്‍മിതിയായിരുന്നു അത്.
സാഞ്ചിസ്തൂപം നന്നായൊന്നു നിരീക്ഷിച്ചു. ദീര്‍ഘ ചതുരാകൃതിയിലുള്ള കല്ലുകള്‍ അടുക്കിവച്ചുണ്ടാക്കിയ വലിയസ്തൂപം. സ്തൂപത്തിന്റെ നാലുവശത്തും ഓരോ കവാടങ്ങള്‍. ഓരോ കവാടത്തിലും ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രം വ്യത്യസ്ത രൂപത്തില്‍ കൊത്തിവച്ചിരിക്കുന്നു.ഉയരം കൂടിയ രണ്ടു തൂണുകളും അവയ്ക്കു മുകളില്‍ വിട്ടുവിട്ട് മൂന്നു ബീമുകളും ചേര്‍ത്ത് ഓരോ കവാടവും പണിതിട്ടുണ്ട്. രണ്ടു തൂണുകള്‍ക്ക് മുകളിലും നാലു ഭാഗത്തേക്കും നോക്കിനില്‍ക്കുന്ന നാലു സിംഹരൂപങ്ങളുമുണ്ട്. നമ്മുടെ ദേശീയമുദ്രയായിമാറിയ ഇവ, സാരനാഥിലുള്ള അശോകസ്തംഭത്തില്‍ നിന്നും ഇവിടെനിന്നുമാണ് കടമെടുത്തതെന്ന കാര്യം ഞാനപ്പോഴാണ് വീണ്ടും ഓര്‍ത്തത്.
ഞങ്ങള്‍ മുന്നിലുള്ള കവാടം കടന്നു മുന്നോട്ടുനീങ്ങി. അവിടെ സ്തൂപത്തിലേക്ക് കയറാന്‍ പടവുകളുണ്ട്. പടവുകള്‍ കയറി ചെന്നെത്തിയത് 16 അടി ഉയരത്തിലുള്ള ഒരു നടപ്പാതയില്‍. ആ നടപ്പാതയിലൂടെ സ്തൂപം ഒന്നു ചുറ്റിക്കറങ്ങിയപ്പോഴാണ് സ്തൂപത്തിനുള്ളില്‍ ബുദ്ധന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തതായി കരുതപ്പെടുന്ന കാര്യവും ഞാനോര്‍ത്തത്. അതെന്തായാലും അശോകചക്രവര്‍ത്തി പണികഴിപ്പിച്ച സാഞ്ചിസ്തൂപവും അനുബന്ധ നിര്‍മിതികളും ചരിത്രവിഷയത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്കുപോലും ഒരു കൗതുക കാഴ്ചയാണെന്നതില്‍ സംശയമില്ല. ജപ്പാന്‍, ശ്രീലങ്ക, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധാരാളം ബുദ്ധമത വിശ്വാസികള്‍ ഇവിടെ എത്തുന്നുമുണ്ട്. സാഞ്ചിയും സാഞ്ചിസ്തൂപവും അവര്‍ക്കു പുണ്യകേന്ദ്രങ്ങളാണെന്നതു തന്നെ കാരണം.!
ഖജുരാഹോയിലേക്ക്
ഭോപാലിലെ അഞ്ചാം നമ്പര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഖജുരാഹോയിലേക്കുള്ള ട്രെയിന്‍ രാവിലെ 6.50 ന് പുറപ്പെട്ടു. 10 മണി വരെ ട്രെയിനിനകത്ത് നല്ല കാലാവസ്ഥ. പിന്നീട് ചൂട് കനത്തു. ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ടുകൊണ്ടിരുന്നു. അവിടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒരു കര്‍ഷക സംഘം കൊടുംവെയിലിനെ വകവയ്ക്കാതെ കൊയ്ത്തുവേലകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതുകണ്ടപ്പോള്‍ എനിക്ക് വല്ലാത്തൊരു ജാള്യവും ആ കര്‍ഷകസംഘത്തോട് വല്ലാത്തൊരു ബഹുമാനവും തോന്നി. പെട്ടെന്ന് ട്രെയിനിനകത്തേക്ക് ഒരു ചുടുകാറ്റും അടിച്ചുവീശി!
ഉച്ചയ്ക്ക് ഒന്നരയ്ക്ക് ട്രെയിന്‍ ഖജുരാഹോ സ്റ്റേഷനിലെത്തി. ഞങ്ങള്‍ ലഗേജുകളെടുത്ത് പുറത്തിറങ്ങി. നല്ല വിശപ്പും ദാഹവുമുണ്ട്. പുറത്ത് ഒരു അങ്ങാടിയുടെ ലക്ഷണമൊന്നും കാണുന്നുമില്ല. അന്വേഷിച്ചപ്പോള്‍ ടൗണിലേക്ക് ഇനിയും എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് മനസിലായി. ഞങ്ങള്‍ ഉടനെ ഒരു ടാക്‌സി പിടിച്ചു ടൗണിലേക്ക് പുറപ്പെട്ടു. ടൗണില്‍ എത്തിയപ്പേള്‍ ആശ്വാസമായി. അവിടെ ഹോട്ടലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. നല്ല ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റുകളുമുണ്ട്.
ആദ്യം ഒരു റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ ഒരു നല്ല ഹോട്ടലില്‍ മൂന്ന് മുറികളെടുത്തു അല്‍പമൊന്നു വിശ്രമിച്ചു. വൈകുന്നേരം നാലു മണിയോടെയാണ് പുറത്തിറങ്ങിയത്. മൂന്ന് ഓട്ടോറിക്ഷകളില്‍ കയറി അന്നുതന്നെ ഖജുരാഹോയിലെ തെക്കും കിഴക്കും ഭാഗങ്ങളിലെ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. പടിഞ്ഞാറു ഭാഗത്തെ ക്ഷേത്രദര്‍ശനം അടുത്തദിവസത്തേക്കു മാറ്റി. അതു സന്ധ്യയായതു കൊണ്ടു മാത്രമല്ല, നാളെ അരുണോദയ രശ്മികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഖജുരാഹോക്ഷേത്രങ്ങളുടെ സ്വര്‍ണപ്പകിട്ട് ഒന്നു നന്നായി ആസ്വദിക്കുന്നതിനുവേണ്ടി കൂടിയായിരുന്നു.
പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പടിഞ്ഞാറ് ഭാഗത്തെ വിശ്വപ്രസിദ്ധമായ ഖജുരാഹോക്ഷേത്രങ്ങള്‍ കാണായി ഞങ്ങള്‍ പുറപ്പെട്ടു. ഹോട്ടലില്‍ നിന്നു നടക്കാവുന്ന ദൂരമേയുള്ളൂ. രാവിലെ ആറരയ്ക്കു തന്നെ ഞങ്ങള്‍ ക്ഷേത്രസമുച്ചയത്തിലെത്തി.
ഒരു വനത്തിനകത്ത് പല ഭാഗങ്ങളിലായാണ് ക്ഷേത്രങ്ങള്‍. ശില്‍പങ്ങളുടെ പ്രണയകേളികള്‍ കാണണമെങ്കില്‍ ഖജുരാഹോയില്‍ പോകണമെന്നതു നേരാണ്. കാമസൂത്രങ്ങളെല്ലാം അപ്പടി ക്ഷേത്രഭിത്തികളില്‍ കൊത്തിവച്ചിരിക്കുന്നു. എന്നുകരുതി ഖജുരാഹോയിലെ മുഴുവന്‍ ക്ഷേത്രങ്ങളും രതിമയമാണെന്നു കരുതരുത്. രതിശില്‍പങ്ങള്‍ മാത്രമുള്ള ഒരു ക്ഷേത്രവും അവിടെ ഇല്ലെന്നതാണ് സത്യം. സൗഹൃദവും ആത്മീയതയും ധ്യാനവും യുദ്ധവും ഭാവമുദ്രകളാക്കിയ ആയിരക്കണക്കിനു ശില്‍പങ്ങള്‍ക്കിടയില്‍ രതിക്രീഡകളില്‍ ഏര്‍പ്പെടുന്ന ചില ശില്‍പങ്ങളുമുണ്ടെന്നുമാത്രം. അവ പത്തു ശതമാനത്തിലും കുറവേയുള്ളൂ എന്നതും അത്തരം ശില്‍പങ്ങള്‍ ക്ഷേത്രത്തിനകത്ത് കൊത്തിവച്ചിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഖജുരാഹോ ക്ഷേത്രങ്ങളെ കുറിച്ചു കേട്ടറിഞ്ഞ ഗാന്ധിജി അതത്രയും പൊളിച്ചു നീക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ഖജുരാഹോക്ഷേത്രങ്ങളുടെ ചരിത്ര പ്രാധാന്യവും ശില്‍പകലാമൂല്യവും രബീന്ദ്രനാഥ ടാഗോര്‍ തന്നെ പറഞ്ഞുകൊടുത്തപ്പോഴാണ് ഗാന്ധിജി നടേയുള്ള അഭിപ്രായത്തില്‍ നിന്നും പിന്മാറിയത്. ദീര്‍ഘകാലം പുറംലോകത്തുനിന്നു മറഞ്ഞുകിടന്നിരുന്ന ഈ മഹാക്ഷേത്രങ്ങള്‍ 1838 ല്‍ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ടി.എസ് ബര്‍ട്ട് ആണ് കണ്ടെത്തിയത്. എ.ഡി. ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ പണിക്കഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന ഈ നിര്‍മിതികള്‍, ഇന്ത്യയില്‍ താജ്മഹല്‍ കഴിഞ്ഞാല്‍ എറ്റവുമധികം സന്ദര്‍ശകരെത്തുന്ന കാഴ്ചമന്ദിരങ്ങള്‍ കൂടിയാണ്.
കെന്‍ ഗാരിയല്‍
സാങ്ച്വറി
ക്ഷേത്ര കാഴ്ചകള്‍ കണ്ടു കെന്‍ ഗാരിയല്‍ സാങ്ച്വറിയില്‍ എത്തുമ്പോള്‍ സമയം പത്തു മണി കഴിഞ്ഞിരുന്നു. മധ്യപ്രദേശിലെ പന്ന നാഷണല്‍ പാര്‍ക്കില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് ഈ ചെറു വന്യമൃഗസംരക്ഷണകേന്ദ്രം. മുതലകളെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ ചെന്നുകാണാമെന്നതാണ് ഈ സാങ്ച്വറിയുടെ വലിയപ്രത്യേകത. കെന്‍ നദി ഇതിനകത്തുകൂടി ഒഴുകുന്നതും നദീമധ്യത്തില്‍ അഗ്നിപര്‍വതസ്‌ഫോടനത്താല്‍ രൂപംകൊണ്ട ഒരു വലിയ ഗര്‍ത്തവും സഞ്ചാരികളെ കുറേനേരം പിടിച്ചുനിര്‍ത്തും. കെന്‍ നദി പിളര്‍ന്നുണ്ടായ ആ ഗര്‍ത്തത്തിന് 50 മീറ്ററോളം ആഴമുണ്ട്. അതിനു ചുറ്റും ലാവ ഘനീഭവിച്ചുണ്ടായ അഞ്ചുതരം ശിലകളും മനോഹരകാഴ്ചയാണ്. വേനലില്‍ നദി വറ്റി വരണ്ടിരിക്കുമ്പോഴും ഗര്‍ത്തം നിറയെ വെള്ളമുണ്ടാകുമെന്നതിനാല്‍ അവിടെ മിക്കനേരവും മുതലകളെയും കാണാം. ഗൈഡ് വച്ചുനീട്ടിയ ബൈനക്കുലറിലൂടെ നോക്കിയപ്പോള്‍ ചുറ്റുമുള്ള പാറകളില്‍ ഉണക്കാനിട്ട മരത്തടികള്‍പോലെ കുറേ മുതലകളെ ഞങ്ങളും കണ്ടു.
മഴക്കാലമായാല്‍ ഗര്‍ത്തത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടമാണ് മനോഹരമായ മറ്റൊരു കാഴ്ച. റെയ്‌നാഫാള്‍സ് എന്നുപേരുള്ള ആ വെള്ളച്ചാട്ടം ഇനി മറ്റൊരു മഴക്കാല സന്ദര്‍ശനത്തിലാകാമെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍, അതിനേക്കാള്‍ നല്ല കാഴ്ച ഈ വേനല്‍ക്കാലകാഴ്ച തന്നെയാണെന്ന് ഒരു ഗൈഡ് സാക്ഷിമൊഴിയും നല്‍കി. അതു ഞങ്ങളെ ആശ്വസിപ്പിക്കാനാണെങ്കിലുമല്ലെങ്കിലും കെന്‍കാരിയല്‍ സാങ്ച്വറി ഏതുകാലാവസ്ഥയിലും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം തന്നെയെന്നതില്‍ സംശയമില്ല.
ഭീംബേട്ക
ഭോപാലില്‍ നിന്ന് 42 കി.മീ. അകലെയാണ് ഭീംബേട്ക. ഭീംബേട്ക എന്നാല്‍ ഭീമന്റെ ഇരിപ്പിടം എന്നര്‍ഥം. തദ്ദേശീയര്‍ ഭീംബൈടിക എന്നും പറയും. ഭീമന്‍ ബകരാസുരനെ മല്ലയുദ്ധത്തില്‍ നേരിടാനായി കാത്തിരുന്ന സ്ഥലമത്രേ ഭീംബേട്ക. ഭീംബേട്കയിലെ വനാന്തരത്തിലേക്ക് കടന്നുചെന്നാല്‍ അതു മറ്റൊരു കഥകൂടി നമുക്ക് പറഞ്ഞുതരും. വെറും കഥയല്ല, നമ്മുടെ പൂര്‍വികരുടെ ജീവിത കഥ!
പ്രാചീന ശിലായുഗം മുതല്‍ ഇങ്ങോട്ട് വിവിധ കാലഘട്ടങ്ങളിലെ മനുഷ്യര്‍ ഭീംബേട്കയില്‍ താമസിച്ചിട്ടുണ്ട്. അവര്‍ താമസിച്ച ഗുഹകളും കല്ലുവീടുകളും അവര്‍തന്നെ വരച്ചുവച്ച നൂറുകണക്കിനു ചിത്രങ്ങളുമാണ് അതിനുള്ള തെളിവുകള്‍. ഒരു ഭൂകമ്പത്തെ തുടര്‍ന്നു രൂപപ്പെട്ട ആ ഗുഹകളും പാറവസതികളും നമ്മുടെ പൂര്‍വികര്‍ വാസയോഗ്യമാക്കിയില്ലെങ്കിലേ അല്‍ഭുതമുള്ളൂ. അത്രമാത്രം അനുയോജ്യമാണവ.
ഭീംബേട്കയിലെ ഗുഹാഭിത്തികളിലും പാറകളിലും ഇപ്പോള്‍ എഴുന്നൂറോളം ചിത്രങ്ങളുണ്ട്. ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളിലാണ് ചിത്രങ്ങള്‍. നായാട്ടു വീരന്മാരുടെ വീരകൃത്യങ്ങള്‍, അവര്‍ വേട്ടയാടിരുന്ന പക്ഷിമൃഗാദികള്‍, അവരുടെ വാദ്യോപകരണങ്ങള്‍, കലാരൂപങ്ങള്‍ ഒക്കെ ആ വരകളിലുണ്ട്. ഭൂമുഖത്ത് ഇതുവരെ കണ്ടെത്തിയ ഗുഹാചിത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ള നൃത്തചിത്രവും ഭീംബേട്കയിലേതത്രേ. പക്ഷിമൃഗാദികളെ കൊണ്ട് അലംകൃതമായ ഭീംബേട്കയിലെ പാറവസതികളെ സൂറോക്ക് എന്നാണ് പറയുന്നത്. അക്കൂട്ടത്തില്‍ തീര്‍ത്തും വേറിട്ടു നില്‍ക്കുന്ന ഒരു ചിത്രം കുറച്ചപ്പുറത്ത് ഒരു കൂറ്റന്‍ പാറയില്‍ കാണാം -ബോര്‍ റോക്ക്. പേര് സൂചിപ്പിക്കുന്നതു പോലെ ഭീമാകാരനായ ഒരു പന്നിയുടെയും ആ പന്നിയെ കണ്ടു ഭയപ്പെട്ടോടുന്ന ഒരു കൊച്ചു മനുഷ്യന്റെയും ചിത്രമാണത്. അക്കാലത്ത് അത്തരം കൂറ്റന്‍ പന്നികള്‍ ആ വനാന്തരത്തില്‍ ഉണ്ടായിരുന്നുവെന്നും പ്രാചീനമനുഷ്യര്‍ അവയെ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും വേണം കരുതാന്‍. ഭീംബേട്കയിലെ ഓരോ ചിത്രത്തിനും ഇത്തരം കഥകളാണ് നമ്മോട് പറയാനുള്ളത്.
സഹസ്രാബ്ദങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ ചിത്രങ്ങള്‍ ഇപ്പോഴും ഒളി മങ്ങാതിരിക്കുന്നത് എന്തുകൊണ്ടാകും? അതിനു കൃത്യമായ ഒരു ഉത്തരം ഇനിയുമായിട്ടില്ല. ചെങ്കല്‍പൊടികളും പ്രത്യേകതരം സസ്യനീരുകളും ചേര്‍ത്താണ് ചിത്രങ്ങളെല്ലാം വരച്ചിരിക്കുന്നത്. അവ പാറക്കല്ലുകളില്‍ ആഴത്തില്‍ താഴ്ന്നിറങ്ങുന്നവിധം വരച്ചിട്ടുമുണ്ട്. അതിന് ഉപയോഗിച്ചിരിക്കുന്ന ചായക്കൂട്ടുകളുടെ രഹസ്യമാണ് ഇനിയും പിടികിട്ടാത്തത്. അതെന്തായാലും ചിത്രങ്ങളെല്ലാം വെയിലും മഴയും നേരിട്ടു പതിക്കാത്തിടത്താണ് വരച്ചിരിക്കുന്നതെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഭീംബേട്കയിലെ, ഗുഹകളും കല്ലുവീടുകളും കണ്ടു പുറത്തിറങ്ങുമ്പോള്‍ ആ ശുഷ്‌കവനത്തിലെ അവശേഷിച്ച പച്ചപടര്‍പ്പുകളിലേക്ക് ഞാനെന്റെ കാതുകള്‍ കൂര്‍പ്പിച്ചുവച്ചു. നമ്മുടെ പൂര്‍വപിതാക്കള്‍ കല്ലും കമ്പും കുന്തവും ഒക്കെയായി ഏതോ മൃഗത്തിനു പിന്നാലെ ഒച്ചവച്ചു ഓടിപ്പോകുന്നതും തീക്കുണ്ഡത്തിനു ചുറ്റും ചടുലനൃത്തം ചവിട്ടുന്നതും ഒരുമാത്ര ഞാന്‍ കേട്ടു. ഇതെന്റെ തോന്നലാണ്. ഈ തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നുവെന്നതു തന്നെയാണ് ഭീംബേട്കയുടെ ഏറ്റവും വലിയ വന്യചാരുതയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."