സ്വകാര്യ എസ്‌റ്റേറ്റുകാര്‍ റോഡ് വെട്ടിയ സംഭവം; പ്രതികളുടെ രക്ഷക്ക് വീണ്ടും വനംവകുപ്പ് രംഗത്ത്
പാലക്കാട്: പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് നെല്ലിയാമ്പതി കൊടുംകാട്ടിലൂടെ സ്വകാര്യ എസ്‌റ്റേറ്റുകാര്‍ റോഡ് വെട്ടിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ വനംവകുപ്പിന്റെ ഒത്തുകളി. കേസ് ദുര്‍ബലമാക്കി പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. റോഡ് വെട്ടിയ സംഭവത്തില്‍ വനംവകുപ്പ് 12 പേരെ കൂടി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മൂവാറ്റുപുഴ, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ താമസിക്കുന്ന ചില എസ്റ്റേറ്റ് ഉടമകളെ കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസര്‍ വിളിച്ചു വരുത്തി ചില കടലാസുകളില്‍ ഒപ്പിട്ടുവാങ്ങി വിട്ടയക്കുകയായിരുന്നു. പെരിയച്ചോലയില്‍ ഭൂമിയുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി പേര്‍ കേസില്‍ പ്രതികളാണ്.
വനസംരക്ഷണ നിയമം 27 പ്രകാരം വനത്തില്‍ മണ്ണിളക്കിയെന്ന വളരെ ദുര്‍ബലമായവകുപ്പാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസര്‍ പി. സതീശനാണ് പ്രതികള്‍ക്കെതിരേ ഈ വകുപ്പ് ചുമത്തി കേസെടുത്തത്. വനംസംരക്ഷണ നിയമം 62 (ഡി) പ്രകാരം ജാമ്യം കിട്ടാത്ത കേസ് എടുക്കേണ്ടിടത്താണ് പ്രതികള്‍ക്കെതിരേ നിസാര വകുപ്പ് ചുമത്തിയിരിക്കുന്നത്. വനത്തിന്റെ അതിരു മാറ്റുക, വനത്തിനകത്ത് റോഡ് നിര്‍മിക്കുക, മരങ്ങള്‍ മുറിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വനംസംരക്ഷണ നിയമം 62 (ഡി) പ്രകാരമാണ് കേസെടുക്കാറുള്ളത്. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടതും കോടതിയാണ്.
കൊടുംവനത്തിലൂടെ എസ്റ്റേറ്റ് മാഫിയ ആറ് കിലോമീറ്റര്‍ ദൂരം റോഡ് വെട്ടിയ കാര്യം നെന്‍മാറ ഡി.എഫ്.ഒയും മറ്റുംനിഷേധിക്കുകയാണ് ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ വനംവകുപ്പ് തലവന്‍ ഡോ. പി.സി ജോഷി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. നെന്‍മാറ ഡി.എഫ്.ഒയുടെ കയ്യേറ്റമില്ലെന്ന റിപ്പോര്‍ട്ട് തള്ളിയിരുന്നു. പ്രതികള്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്യാനും മണ്ണ് മാന്താന്‍ ഉപയോഗിച്ച ജെ.സി.ബി കസ്റ്റഡിയിലെടുക്കാനും വനംവകുപ്പ് തലവന്‍ ജോഷി നിര്‍ദേശിച്ചിരുന്നു. ഇതാണ് പ്രതികളെ രക്ഷിക്കാന്‍ വനത്തില്‍ മണ്ണിളക്കിയെന്ന വിധത്തിലുള്ള കേസാക്കി കൊല്ലങ്കോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിയത്. ജെ.സി.ബിയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. റോഡ് വെട്ടാന്‍ കൂട്ടുനിന്ന ഒരു എസ്‌റ്റേറ്റ് ഉടമയുടേതാണ് ജെ.സി.ബി എന്ന് വ്യക്തമായിട്ടുണ്ട്.
ജെ.സി.ബി കസ്റ്റഡിയിലെടുത്താല്‍ പ്രതികള്‍ക്കെതിരേ ഇപ്പോള്‍ ചുമത്തിയ നിസാരവകുപ്പ് മാറ്റി വനസംരക്ഷണ നിയമം 62 (ഡി) പ്രകാരം കേസ് എടുക്കേണ്ടി വരും എന്നതിനാല്‍ പ്രതികളുടെ ആവശ്യപ്രകാരമാണ് ഇവ കസ്റ്റഡിയിലെടുക്കാത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്.
പെരിയച്ചോലയിലെ 520 ഏക്കറിലേറെ വനം കയ്യില്‍ വച്ച് സ്വകാര്യഭൂമിയെന്ന പേരില്‍ വിറ്റു കൊണ്ടിരിക്കുന്ന ഒരു എസ്റ്റേറ്റ് ഉടമയും റോഡ് വെട്ടാന്‍ കൂട്ടുനിന്നിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ വനംവകുപ്പ് ദുര്‍ബലമായ വകുപ്പു പ്രകാരം പോലും കേസ് എടുത്തിട്ടില്ല. വനത്തിലെ കൈയേറ്റത്തിലെ വ്യാപ്തി അറിയാന്‍ ഇപ്പോള്‍ ഈ പ്രദേശത്ത് നടത്തുന്ന സര്‍വേയിലും ഇയാള്‍ സജീവമാണ്.
ഇയാളുടെ സൗകര്യം നോക്കിയാണ് ഇവിടത്തെ സര്‍വേ പോലും വനംവകുപ്പ് ചെയ്യുന്നത്. വനത്തിനകത്തെ അനധികൃത റോഡ് നിര്‍മാണം അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സിന് എര്‍ത്ത് വാച്ച്‌കേരള പരിസ്ഥിതി സംഘടന പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."