ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ അപകടം: കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
കോട്ടയം: പാലായില്‍ ഒക്ടോബര്‍ നാലിന് നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് മത്സരത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പരുക്കേറ്റ വിഷയത്തില്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി. മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുകയും കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറോട് ഈ സംഭവവുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകര്‍പ്പുകളും തുടര്‍നടപടികളും ഉള്‍പ്പെടെയുള്ള വിശദമായ വസ്തുതാപരമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും ഇക്കഴിഞ്ഞ 14ന് ഉത്തരവിട്ടതായി പട്ടാമ്പി സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അരുണ്‍ചന്ദ് പാലക്കാട്ടിരി അറിയിച്ചു.
നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കമ്മിഷനുകള്‍ ഈ വിഷയത്തില്‍ ഇടപെടുകയും ജില്ലാ മജിസ്‌ട്രേറ്റുമായോ സംസ്ഥാനത്തെ മറ്റേതെങ്കിലും അതോറിറ്റിയുമായോ ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം ആശയവിനിമയങ്ങളുടെയെല്ലാം പകര്‍പ്പ് 15 ദിവസത്തിനകം കൈമാറാനും ദേശീയ ബാലാവകാശ കമ്മിഷന്‍ കോട്ടയം ജില്ലാ മജിസ്‌ട്രേറ്റിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരുണ്‍ചന്ദ് പാലക്കാട്ടിരി കേന്ദ്ര കാബിനറ്റ് മന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊഖ്‌റിയാല്‍ എന്നിവരുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
പരുക്കേറ്റ അഭീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും അരുണ്‍ ചന്ദ് പാലക്കാട്ടിരി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."