ബാബരി കേസ്: മുസ്ലിംകള്ക്ക് തുണ്ടുഭൂമി പോലും നല്‍കരുതെന്ന് രാംലല്ല
ന്യൂഡല്‍ഹി: ബാബരി ഭൂമിയില്‍ നിന്ന് മുസ്ലിംകള്ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കരുതെന്നാവശ്യപ്പെട്ട് ബാബരി കേസിലെ ഹിന്ദു പക്ഷത്തെ കക്ഷികളിലൊരാളായ രാംലല്ല വിരാജ്മാന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി.
ഭൂമി തങ്ങള്‍ക്ക് വിട്ടുതരണമെന്ന് മധ്യസ്ഥസമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായും അതിന്റെ അടിസ്ഥാനത്തില്‍ വിധിയുണ്ടാകണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ പൂര്‍ണമായും തങ്ങള്‍ക്ക് വിട്ടുതരണം. മുസ്ലിംകള്ക്ക് മാത്രമല്ല കേസിലെ ഹിന്ദുപക്ഷത്തെ കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡയ്ക്കും ഭൂമി വിട്ടുനല്‍കരുത്. ബാബരി ഭൂമിയില്‍ മുസ്ലിംകള്ക്ക് യാതൊരു അവകാശവുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ മാസം 17ന് കേസിന്റെ വാദം പൂര്‍ത്തിയായതിന് പിന്നാലെ തങ്ങളുടെ വാദം എഴുതി നല്കാന് സുപ്രിംകോടതി കക്ഷികള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാംലല്ല വിരാജ്മാന് ഹരജി സമര്‍പ്പിച്ചത്. മുസ്ലിംകക്ഷികളും വാദം എഴുതി നല്‍കിയെങ്കിലും മുദ്രവച്ച കവറിലാണ് നല്‍കിയത്. അയോധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്. ക്ഷേത്രമോ പ്രതിഷ്ഠയോ ഇല്ലാതിരുന്നാലും അതിന്റെ പ്രാധാന്യം കുറയില്ലെന്ന് രാംലല്ല സത്യവാങ്മൂലത്തില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."