തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പനിക്ലിനിക്കിനും 'പനിക്കുന്നു'
തിരൂരങ്ങാടി: പനിവ്യാപകമായതോടെ താലൂക്കാശുപത്രിയില്‍ ആരംഭിച്ച പനിക്ലിനിക്കും 'പനിച്ചു വിറയ്ക്കുന്നു'. നാട്ടില്‍ ഡെങ്കി ഉള്‍പ്പെടെയുള്ള പനിബാധിതരുടെ എണ്ണം കൂടുമ്പോള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാത്തത് രോഗികളെയും ജീവനക്കാരെയും വലയ്ക്കുകയാണ്.
കാലവര്‍ഷമായതോടെ നിത്യേനെ രണ്ടായിരത്തിലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഇതില്‍ കുട്ടികളുടെ ഒ.പിയില്‍ മാത്രമായി അഞ്ഞൂറിലേറെ പേര്‍ എത്തുന്നുണ്ട്. ഇതോടെയാണ് ജനറല്‍ ഒ.പിയില്‍ പ്രത്യേകം പനിക്ലിനിക്ക് തന്നെ ആരംഭിച്ചത്. ജനറല്‍ ഒ.പിയില്‍ ഉച്ചവരെ ആയിരത്തി അഞ്ഞൂറോളം രോഗികളെയാണ് പരിശോധിക്കുന്നത്. ശേഷിക്കുന്ന രോഗികള്‍ ക്യാഷ്വാലിറ്റിയെ ആശ്രയിക്കേണ്ടിവരുന്നത് നിലവില്‍ ക്യാഷ്വാലിറ്റിയില്‍ ജോലിചെയ്യുന്ന ഒരുഡോക്ടര്‍ക്ക് അമിതഭാരം സൃഷ്ടിക്കുന്നു.
നിലവില്‍ രേഖാമൂലം 28 ഡോക്ടര്‍മാരുണ്ടെങ്കിലും പാലിയേറ്റിവ്,ഡി.ഇ.ഐ.സി, അനസ്തിസ്റ്റ്, തൊലി വിഭാഗം, സൈക്കോളജി, സ്ത്രീരോഗവിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍, ഇ.എന്‍.ടി, തുടങ്ങിവ്യത്യസ്ത സേവനങ്ങളിലും അവധിയിലുമെല്ലാമായി വരുമ്പോള്‍ ജനറല്‍ ഒ.പിയില്‍ പരിശോധനക്കെത്തുന്ന രണ്ടായിരത്തിലധികം വരുന്ന രോഗികളെ പരിശോധിക്കാന്‍ ബാക്കിയുള്ള ഡോക്ടര്‍മാരുടെ എണ്ണം തികയാതെവരുന്നു. 'ആര്‍ദ്രം' പദ്ധതിയിലുള്‍പ്പെടുത്തി പനിക്ലിനിക്കിലേക്ക് രണ്ടു ഡോക്ടര്‍മാരെകൂടി നിയമിക്കണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബിനോട് ആവശ്യമുന്നയിച്ചിരുന്നു. വിഷയത്തില്‍ സാധ്യതകളെകുറിച്ച് പഠിച്ചശേഷം വേണ്ടനടപടികള്‍ കൈക്കൊള്ളുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.
അതേസമയം പനി ഭയപ്പെടേണ്ടതില്ലെന്നും രോഗിക്ക് ക്ഷീണമുണ്ടെങ്കില്‍ മാത്രമേ വിദഗ്ധ പരിശോധന ആവശ്യമുള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കാര്യമായ അസുഖങ്ങളില്ലാതെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുവരുന്നത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ രോഗങ്ങള്‍ പകരാന്‍ കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."