അഭിത ഓടിയാല്‍ സ്വര്‍ണമുറപ്പ്
തേഞ്ഞിപ്പലം: അഭിത ഓടാനെത്തിയാല് സ്വര്‍ണം കൊണ്ടേ മടങ്ങൂ. ട്രാക്കുകളിലെ സ്വര്‍ണ വേട്ടക്കാരിയായിരുന്ന ഒളിംപ്യന്‍ പി.ടി ഉഷയുടെ പ്രിയ ശിഷ്യയും ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുമായ അഭിത മേരി മാനുവലാണ് ഈ സ്വര്‍ണ വേട്ടക്കാരി.
കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളജിയറ്റ് അത്ലറ്റിക് മീറ്റില്‍ ഇന്നലെ നടന്ന 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഈ താരം പത്താം ക്ലാസ് മുതല്‍ ദേശീയ മീറ്റുകളിലെ സ്വര്‍ണ ജേതാവാണ്. എട്ടാം ക്ലാസില്‍ ഉഷ സ്കൂളിലെത്തിയ അഭിത പിന്നീട് ഉഷയുടെ പ്രിയ ശിഷ്യയായി മാറുകയായിരുന്നു. ഉഷയുടെ പരിശീലന മികവില്‍ പത്താം ക്ലാസില്‍ ആദ്യ സ്വര്‍ണം നേടി. അന്നു തുടങ്ങിയ സ്വര്‍ണക്കൊയ്ത്ത് ഇന്നും തുടരുന്നു. പത്തില്‍ പഠിക്കുമ്പോള്‍ 800മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാന മീറ്റില്‍ സ്വര്‍ണവും ദേശീയ മീറ്റില്‍ വെള്ളിയും സ്വന്തമാക്കി.
തുടര്‍ന്ന് സംസ്ഥാന മീറ്റിലും ദേശീയ തലത്തിലും 800, 1500 മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണം ചൂടിയ ഈ താരം പ്ലസ്ടുവിന് 400, 800 മീറ്റര്‍ ഓട്ടത്തിലും തുടര്‍ന്ന് സംസ്ഥാന, ദേശീയ മീറ്റുകളിലും സ്വര്‍ണമണിഞ്ഞാണ് മടങ്ങിയത്.
ആദ്യ വര്‍ഷം തന്നെ രണ്ട് ദേശീയ റെക്കോര്‍ഡുകളാണ് ലഭിച്ചത്. അടുത്ത വര്‍ഷം 800 മീറ്ററിലെ സ്വന്തം റെക്കോര്‍ഡ് തിരുത്തിയതിനൊപ്പം 400ല്‍ പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചു. ഈ താരത്തിന് നിലവില്‍ മൂന്ന് ദേശീയ റെക്കോര്‍ഡുകളുണ്ട്.
കര്‍ഷകനായ മാനുവലിന്റെയും ലബീനയുടേയും മകളായ അഭിത നാഷനല്‍ ജൂനിയര്‍, സൗത്ത് സോണ്‍ മീറ്റുകളിലും സ്വര്‍ണ ജേതാവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."