ഉര്‍ദുഗാന്റെ കശ്മിര് പരാമര്‍ശം: മോദി തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: യു.എന്‍ പൊതുസഭയില്‍ ജമ്മുകശ്മിര്‍ വിഷയം ഉന്നയിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി. ഈ വര്‍ഷം ഡിസംബറില്‍ നിശ്ചയിച്ചിരുന്ന മോദിയുടെ തുര്‍ക്കി സന്ദര്‍ശനം നടക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
ജൂണില്‍ ഒസാകയില്‍ നടന്ന മോദി- ഉര്ദുഗാന് കൂടിക്കാഴ്ചയുടെ ബാക്കിയായിട്ടായിരുന്നു ഈ വര്‍ഷാവസാനത്തെ മോദിയുടെ തുര്‍ക്കി സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് തടസമുണ്ടാവില്ലെന്നാണ് കരുതുന്നതെന്ന് ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ശാകിര്‍ ഒസ്കാന്‍ പ്രതികരിച്ചു.
യു.എന്‍ പ്രമേയങ്ങള്‍ക്കിടയില്‍ 80 ലക്ഷത്തോളം പൗരന്മാര് കശ്മിരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും കശ്മിര് പ്രശ്നത്തില്‍ ഇടപെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായും ഉര്ദുഗാന് പ്രസംഗിച്ചിരുന്നു. പിന്നാലെ ഉര്‍ദുഗാന്റെ പ്രസ്താവനയെ ഇന്ത്യ തള്ളുകയാണുണ്ടായത്.
ഇതിനിടെ സിറിയയില്‍ കുര്‍ദ് വിമതര്‍ക്കെതിരേ സൈനികനടപടിക്കു തടക്കമിട്ട തുര്‍ക്കിയുടെ പ്രവൃത്തിക്കെതിരേ ഇന്ത്യ രംഗത്തുവന്നിരുന്നു. കുര്‍ദുകള്‍ക്കെതിരായ തുര്‍ക്കി നടപടിയെ വിമര്‍ശിച്ച ആദ്യ രാജ്യങ്ങളിലൊന്നു കൂടിയായിരുന്നു ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."