മതനിരപേക്ഷതയ്ക്കായി പോരാടുന്നത് യുവജനത: പിണറായി വിജയന്‍
കോഴിക്കോട്: അപകടപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത് യുവജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.വൈ.എഫ്.ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിര്‍മിതിയില്‍ എല്ലാവരും ഏറിയും കുറഞ്ഞും പങ്കുവഹിച്ചപ്പോള്‍ അതിന് തുരങ്കം വച്ചത് ആര്‍.എസ്.എസ് മാത്രമാണ്. നിറവെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്നും രാജ്യത്തെയും സംസ്ഥാനത്തെയും അസ്ഥിരപ്പെടുത്താനും മതനിരപേക്ഷതയെ തകര്‍ക്കാനുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
പാര്‍ലമെന്റിനെയും ഭരണഘടനയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സി.ബി.ഐയെയും റിസര്‍വ് ബാങ്കിനെയുമെല്ലാം തങ്ങളുടെ വരുതിക്ക് കൊണ്ടുവന്ന് തനിച്ച ഫാസിസം നടപ്പാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ശബരിമലയില്‍ വിശ്വാസികള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കും. അവിടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത് പ്രത്യേകം പരിശീലനം ലഭിച്ച അക്രമികളാണ്. ശബരിമല വിഷയത്തില്‍ 12 വര്‍ഷം സുപ്രിംകോടതിയില്‍ കേസ് നടന്നപ്പോള്‍ പറഞ്ഞ അഭിപ്രായങ്ങളില്‍നിന്ന് മലക്കം മറിയുകയാണ് ചിലരെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ക്ക് വില നല്‍കേണ്ട കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ വാക്കിന് പിന്തുണ നല്‍കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങള്‍ വലിയ തോതില്‍ രാജ്യകാര്യങ്ങളില്‍ ഇടപെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സാധാരണ പുതിയ തലമുറയ്ക്ക് സാമൂഹ്യ പ്രതിബദ്ധത കുറയുന്നു എന്ന വിമര്‍ശനം കേള്‍ക്കാറുണ്ട്. എന്നാല്‍ പ്രളയദുരന്ത ഘട്ടത്തില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ യുവാക്കളെയാണ് നാട് കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."