സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേകപൂര്‍വം പെരുമാറണമെന്നും പിടിവാശി ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇന്നു വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുത്ത് നിലപാട് വ്യക്തമാക്കും. ഇതിന് മുന്നോടിയായി യുഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും താനും തമ്മില്‍ സമവായ ചര്‍ച്ച നടന്നുവെന്നുള്ളത് അടിസ്ഥാന രഹിതമായ പ്രചാരണമാണ്. നടപടിക്രമങ്ങളാണ് തങ്ങള്‍ സംസാരിച്ചത്. കെ. സുധാകരന്‍ ശക്തമായ അഭിപ്രായം പറയുന്ന വ്യക്തിയാണെന്നും എന്നാല്‍ സന്നിധാനത്ത് യുവതികളെത്തിയാല്‍ അവരെ തടയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അന്തിമവിധി പ്രഖ്യാപനം വരുന്നതുവരെ യുവതീപ്രവേശനശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഇനിയെങ്കിലും സര്‍ക്കാര്‍ പക്വതയോടെ പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാധാരണ ഗതിയില്‍ പുനഃപരിശോധനാ ഹരജികള്‍ ചേമ്പറില്‍വച്ച് പരിശോധിച്ച് കോടതി തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹരജികള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത് പ്രതീക്ഷ നല്‍കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."