ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥികളുടെ മരണം, സി.സി.ടി.വി ദൃശ്യങ്ങള്‍ അപ്രത്യക്ഷം
പൊന്നാനി: പെരുമ്പടപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അന്വേഷണത്തിനിടെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാനില്ലെന്നാണ് ഇപ്പോള്‍ പൊലിസ് നല്കുന്ന വിശദീകരണം.
അപകടം നടന്ന പെരുമ്പടപ്പ് ബ്ലോക്ക് ജങ്ഷനില്‍നിന്നും സമീപത്തെ പുത്തന്‍പള്ളിയില്‍ നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്നുതന്നെ പൊലിസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് ദൃശ്യങ്ങള്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്.
2016 നവംബറില്‍ നടന്ന അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സംഭവത്തിലെ നിര്‍ണായക തെളിവ് നഷ്ടപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ പെരുമ്പടപ്പ് പൊലിസ് ആദ്യം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നില്ല. തുടര്‍ന്ന് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച നജീബുദ്ദീനിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന് പൊന്നാനി സി.ഐക്കു പരാതി നല്‍കിയതോടെയാണു സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനമായത്.
നേരത്തേ മകന്റെ ഇന്‍ക്വസ്റ്റ് സമയത്തെ ചിത്രങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും കാണാനില്ലെന്ന മറുപടിയാണ് ഉസ്മാനു പൊലിസില്‍നിന്നു ലഭിച്ചത്.
2016 നവംബര്‍ 20ന് രാത്രി പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനു മുന്പില് നടന്ന ബൈക്ക് അപകടത്തിലാണ് തൃശൂര്‍ ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ദീന് (16), സുഹൃത്ത് പെരുമ്പടപ്പ് വന്നേരി സ്വദേശി വാഹിദ് (16) എന്നിവര്‍ കൊല്ലപ്പെട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത അപകടത്തിലാണ് വിദ്യാര്‍ഥികള്‍ മരിച്ചതെന്ന ഉസ്മാന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പെരുമ്പടപ്പിലെ അപകടസ്ഥലം സന്ദര്‍ശിച്ച് ഉസ്മാനില്നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."