മാള ടൗണ്‍ വികസനം: പോസ്‌റ്റോഫിസ് റോഡിന്റെ വികസനത്തിന് വഴി തെളിയുന്നു
മാള: മാള ടൗണ്‍ വികസനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റോഫീസ് റോഡിന്റെ വികസനത്തിന് വഴി തെളിയുന്നു. മാള ടൗണിലെ ഏറ്റവും തിരക്കേറിയ റോഡായ പോസ്റ്റോഫീസ് റോഡ് വീതി വര്‍ധിപ്പിച്ച് യാത്രാക്ലേശം കുറക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് . ഇതിനായി കഴിഞ്ഞ ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട് . പോസ്റ്റോഫീസ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ നിലകൊള്ളുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികളാണ് ആദ്യം പൂര്‍ത്തീകരിക്കേണ്ടത്. അതിന് നഷ്ടപരിഹാരം നല്‍കുന്നതിനായി 6 കോടി രൂപയോളം വേണ്ടി വരും.
അടുത്ത ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയാല്‍ മാത്രമേ റോഡ് വികസനം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഇത് സംബന്ധിച്ച പ്രാഥമീക ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം എം എല്‍ എ വി ആര്‍ സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. 15 മീറ്ററില്‍ റോഡ് വികസനം നടത്താനും ആവമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തത്വത്തില്‍ നാരണയായതായി മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ സുകുമാരന്‍ അറിയിച്ചു. ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ പോസ്റ്റോഫീസ് റോഡിന്റെ വീതി വളരെ കുറവായതിനാല്‍ വാഹനയാത്രികരും കാല്‍നട യാത്രക്കാരും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. പതിറ്റാണ്ടുകളായി ജനങ്ങള്‍ ഈ ദുരിതം അനുഭവിച്ചു വരുകയാണ്.
ഒരേസമയം ഒരു ബസ്സും ചെറുവാഹനവും സുഗമമായി കടന്നു പോകാനുള്ളയത്രയും വീതി പോലുമില്ലാത്ത റോഡാണിത്. വിവിധ സ്ഥലങ്ങളില്‍ നിന്നും മാള ടൗണിലേക്കും പഞ്ചായത്ത് ബസ് സ്റ്റാന്റിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്. വിവിധ സ്ഥാപനങ്ങളിലേക്ക് വരുന്ന ഇടപാടുകാരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഇതുകൂടിയാകുമ്പോള്‍ ദുരിതം ഇരട്ടിക്കുന്നു.
പലപ്പോഴും ദീര്‍ഘനേരം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെടുന്നത്. റോഡ് കൈയ്യേറിയാണ് പല കെട്ടിടങ്ങളും പണിതിരിക്കുന്നത് എങ്കിലും കൈയ്യേറ്റം ഒഴിപ്പിച്ചെടുക്കാന്‍ പോലും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നുമില്ല.
ടൗണ്‍ വികസനത്തിന്റെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി റോഡിന്റെ വീതി വര്‍ധിപ്പിച്ച് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നും ജില്ലാ സര്‍വ്വെയറെക്കൊണ്ട് അളപ്പിച്ച് റോഡിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നും മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു .
ഇക്കാര്യത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും എം.എല്‍.എക്കും മാള ഗ്രാമപഞ്ചായത്തിനും പ്രതികരണ വേദി പ്രസിഡന്റ് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."