രാകേഷ് അസ്താനയ്‌ക്കെതിരേ തെളിവുണ്ടെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നു സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മാംസ കയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അസ്താന മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നു സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ എ.കെ ശര്‍മയാണ് ഹൈക്കോടതിയെ അറിയിച്ചത്.
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ അസ്താനയുടെ അടുപ്പക്കാരനായ സി.ബി.ഐ ഡിവൈ.എസ്.പി രജീന്ദര്‍ കുമാറിനെതിരേയും തെളിവുണ്ട്. വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും ശര്‍മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയില്ലെന്ന് ഹൈക്കോടതി ജഡ്ജി നജ്മി വസീരി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരാണെന്ന് അറിയില്ലെന്നായിരുന്നു ശര്‍മയുടെ മറുപടി.
നേരത്തെ എ.കെ ശര്‍മയുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം കടലാസ് കമ്പനികളുണ്ടെന്നും വിവിധ കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ് ഈ കടലാസ് കമ്പനികളില്‍ അദ്ദേഹത്തിന്റെ പങ്കാളികളെന്നും അസ്താന ആരോപിച്ചിരുന്നു. എന്നാല്‍, അസ്താനയ്ക്കാണ് കടലാസ് കമ്പനികളില്‍ പങ്കാളിത്തമുള്ളതെന്നും കൈക്കൂലിക്കേസുകളില്‍ ദുബൈയിലെ ഇടനിലക്കാരനുമായി അസ്താന സംസാരിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ശര്‍മയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയെ അറിയിച്ചത്.
തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അസ്താന സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി മുന്‍പാകെയുള്ളത്. ഹരജി പരിഗണിച്ച് അസ്താനയ്ക്ക് ഇടക്കാല സംരക്ഷണം നല്‍കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി ഇന്നലെ സമാപിച്ച സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും ഹരജി നല്‍കിയത്.
അടുത്ത മാസം 28വരെ അസ്താനയെ അറസ്റ്റ് ചെയ്യുന്നതു വിലക്കി ഹൈക്കോടതി ഉത്തരവിട്ടു. കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയാണ് അസ്താന.
ജാമ്യം ആവശ്യപ്പെട്ടു കൈക്കൂലി ഇടപാടിലെ ഇടനിലക്കാരന്‍ മനോജ് പ്രസാദ് നല്‍കിയ ഹരജി ഇന്നലെ ഹൈക്കോടതി തള്ളി. മനോജിനെതിരായ ആരോപണം ഗുരുതരമാണെന്നും നിലവില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."