ജര്‍മ്മനിയില്‍ നടക്കുന്ന വിക്കിഡാറ്റ അന്താരാഷ്ട്ര സമ്മേളനത്തില്‍ രണ്ട് മലയാളി യുവാക്കള്‍ പങ്കെടുക്കും
കോഴിക്കോട്: ജര്‍മ്മനിയില്‍ നടക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ വിജ്ഞാനകോശമായ വിക്കിഡാറ്റയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ രണ്ട് മലയാളി യുവാക്കള്‍ പങ്കെടുക്കും. മലപ്പുറം മഞ്ചേരി സ്വദേശിയായ അക്ബറലി ചാരങ്കാവും എറണാകുളം അങ്കമാലി സ്വദേശിയായ രഞ്ജിത്ത് സിജിയുമാണ് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇരുനുറോളം തിരഞ്ഞെടുത്ത പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുക. ഈ മാസം 25 മുതല്‍ 28 വരെയുള്ള നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. വിക്കിപീഡിയയുടെ സഹോദര സംരഭമാണ് വിക്കിഡാറ്റ. വിവരങ്ങളെ മനുഷ്യര്‍ക്കും മെഷീനുകള്‍ക്കും വായിക്കാനും ഉപയോഗിക്കാനും തക്ക വിധത്തിലാണ് വിക്കിഡാറ്റയില്‍ വിവരങ്ങളെ ക്രോഡീകരിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലിരുന്ന് സന്നദ്ധരായ സേവകരാണ് വിക്കിപീഡിയയിലേക്കും വിക്കിഡാറ്റയിലേക്കും വിവരങ്ങള്‍ ചേര്‍ത്തു വരുന്നത്. 290 ഭാഷകളില്‍ വിക്കിപീഡിയയും വിക്കിഡാറ്റയും ലഭ്യമാണ്.ഇവക്ക് പുറമെ ചിത്രങ്ങളുടെയും പ്രമാണങ്ങളുടെയും ശേഖരണമായ വിക്കികോമണ്‍സ്, പഴയ കാല ഗ്രന്ഥങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന വിക്കിഗ്രന്ഥശാല, വിക്കിവാഴ്സിറ്റി തുടങ്ങിയവയിലും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്.
2009 മുതല്‍ വിക്കിപീഡിയയില്‍ സജീവമായ അക്ബറലി ഇതിനകം രണ്ടായിരത്തോളം ( 2785) ലേഖനങ്ങളും വിക്കിഡാറ്റയില്‍ ഒരു ലക്ഷത്തിലേറെ (108,660) എഡിറ്റുകളും ചെയ്തിട്ടുണ്ട്. ദുബൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ അക്ബറലി, തന്റെ ഒഴിവ് വേളകളിലും മറ്റുമാണ് ഇതിനായി സമയം ചെലവഴിക്കുന്നത്. കൂടാതെ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലും സ്‌കൂളുകളിലും വിക്കിമീഡിയാ സംരഭങ്ങളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കി വരാറുണ്ട്.സമ്മേളനത്തില്‍ വിക്കിഡാറ്റയും സ്‌കൂള്‍ വിദ്യാഭ്യാസവും എന്ന വിഷയത്തിലാണ് അക്ബര്‍ അലിയുടെ അവതരണം. മഞ്ചേരി ചാരങ്കാവ് കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയില്‍ അഹമ്മദ് കുട്ടിയുടെയും മകനാണ് അക്ബറലി. ആയിഷ മര്‍ജാനയാണ് ഭാര്യ.
2013 മുതല്‍ വിക്കിമീഡിയയില്‍ സജീവമായ 65000 ലേഖനങ്ങളാണ് രഞ്ജിത്ത് സിജി എഡിറ്റ് ചെയ്തത്. മലയാള വിക്കി പീഡിയ അഡ്മിനിസ്ട്രേറ്ററാണ്. വിക്കീ മീഡിയന്‍സ് ഓഫ് കേരള യൂസര്‍ ഗ്രൂപ്പിന്റെ ഓര്‍ഗനൈസര്‍മാരില്‍ ഒരാളാണ്. അങ്കമാലിയില്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സജീവ്-രാധാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."