ഒഗ്ബചെ ദി റിയല്‍ ഹീറോ; കടുവകളെ കുത്തിവീഴ്ത്തി കൊമ്പന്മാരുടെ ചിന്നം വിളി
കൊച്ചി: കടവും പലിശയും വീട്ടുമെന്ന ആത്മവിശ്വാസവുമായി ആറാം സീസണില്‍ വമ്പുകാട്ടി കൊമ്പന്മാര്‍. 35000ല്‍ ഏറെ വരുന്ന കാല്‍പന്ത് പ്രേമികളെ സാക്ഷി നിര്‍ത്തി ബര്‍ത്തലാമിയോ ഒഗ്ബചോയുടെ ഇരട്ട ഗോളില്‍ ബംഗാള്‍ കടുവകളെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പടയോട്ടം തുടങ്ങി. 2-1 ന് ബ്ലാസ്റ്റേഴ്‌സ് എം ടി.കെയെ തകര്‍ത്തു.
ബ്ലാസ്റ്റേഴ്‌സ് കളിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ ഞെട്ടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ മുനയൊടിച്ച് ബംഗാള്‍ കടുവകള്‍ ഗര്‍ജിച്ചു. ഇടതുവിങിലൂടെ ഹാളിചരണ്‍ നര്‍സാരിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ ഏന്തിയത്. പക്ഷെ, ആറാം മിനുട്ടില്‍ അത് സംഭവിച്ചു. ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല, ഗാലറിയില്‍ മഞ്ഞയില്‍ കുളിച്ച പന്ത്രണ്ടാമന്‍മാരെയും ഞെട്ടിച്ച് എ.ടി.കെ വലകുലുക്കി. ജയേഷ് റാണേ എടുത്ത ഫ്രീകിക്ക് ബോക്സിനുള്ളില്‍ നില്ന്ന അഗസ്റ്റിന്‍ ഗാര്‍ഷ്യയിലേക്ക്. തലകൊണ്ട് കാള്‍ ജെറാര്‍ഡ് മചുഗിന് ഗാര്‍ഷ്യ പന്ത് മറിച്ചുകൊടുത്തു. ഗാര്‍ഷ്യയുടെ പാസ് നിലം തൊടുംമുന്‍പേ കാള്‍ ജെറാള്‍ഡ് മചുഗിന്റെ തകര്‍പ്പന്‍ വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പന്ത് പറന്നിറങ്ങി. മുഴുനീളെ ഡൈവിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളി ബിലാല്‍ ഹുസൈന്‍ ഖാന്‍ പന്ത് ഗോള്‍ വര കടന്ന് വലയിലേക്ക് പറന്നിറങ്ങി. സ്‌കോര്‍: ബ്ലാസ്റ്റേഴ്‌സ് 0 -1.
എടി.കെ. ലീഡ് വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് സര്‍വശക്തിയുമെടുത്ത് ഉണര്‍ന്നു. തിരിച്ചടിക്ക് കോപ്പുകൂട്ടി. 10-ാം മിനുട്ടില്‍റ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും ജെയ്റോയുടെ ഹെഡ്ഡര്‍ നെറ്റിന്റെ മുകളിലാണ് പതിച്ചത്. തൊട്ടുപിന്നാലെ എ.ടി.കെ ബ്ലാസ്റ്റേഴ്സിനെ വീണ്ടും വിറപ്പിച്ചെങ്കിലും ഗോളി ബിലാല്‍ ഖാന്‍ പന്ത് കൈപ്പിടിയിലൊതുക്കി. 20-ാം മിനുട്ടില്‍ കെ. പ്രശാന്ത് വലതുപാര്‍ശ്വത്തിലൂടെ നല്ലൊരു മുന്നേറ്റം നടത്തി ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാനാളുണ്ടായില്ല. 21-ാം മിനുട്ടില്‍ എ.ടി.കെയുടെ റോയ് കൃഷ്ണ സ്വന്തം പകുതിയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറി ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പ്രവേശിച്ചെങ്കിലും ഫിനിഷിങില്‍ പിഴച്ചത് മഞ്ഞള്‍ക്ക് രക്ഷയേകി. ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങളിലൂടെ ബംഗാള്‍ കടുവകളെ വിപ്പിച്ചു. നടത്തി.
30-ാം മിനിറ്റില്‍ പെനാട്ടിയിലൂടെ സമനില ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് മത്സരം കൈപിടിയിലാക്കി. കനെയ്റോ എടുത്ത കോര്‍ണര്‍കിക്ക് വലയിലേക്ക് ഒഗ്ബച്ചെ ഹെഡ്ഡറിലൂടെ തിരിച്ചുവിട്ടെങ്കിലും എ.ടി.കെ പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തു. പന്ത് കിട്ടിയത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജെയ്റോയ്ക്ക്. എന്നാല്‍ ജെയ്റോ ഷോട്ട് ഉതിര്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പ്രണോയ് ഹാല്‍ഡര്‍ പിന്നില്‍ നിന്ന് പിടിച്ചുവലിച്ചിട്ടു. റെഫറിയുടെ പെനാല്‍ട്ടി വിസില്‍ മുഴങ്ങി. കിക്കെടുക്കാന്‍ എത്തിയത് ബ്ലാസ്റ്റേഴ്സ് നായകന്‍ ഒഗ്ബെച്ചെ. ഒഗ്ബെച്ചെ തൊടുത്ത കിക്ക് എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പറന്നിറങ്ങി. സ്‌കോര്‍: 1 -1.
സമനില പിടിച്ചതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് വേഗതയേറി. ഇടതുവിങില്‍ ഹാളിചരണ്‍ നര്‍സാരിയും വലതുപാര്‍ശ്വത്തില്‍ കെ. പ്രശാന്തും മുന്നേറ്റങ്ങള്‍ക്ക് ചുക്കാനേന്തി. ഇടയ്ക്ക് എ.ടി.കെയും ചില മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കാന്‍ ശ്രമിച്ചു. ആദ്യ പകുതി അവസാനിപ്പിക്കുന്നതിനുള്ള വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. ഗാലറിയിലെ പന്ത്രണ്ടാന്മാരെ ആവേശത്തിലാഴ്ത്തി മഞ്ഞപ്പട കൊച്ചിയുടെ പുല്‍മൈതാനത്ത് ലീഡ് നേടി. ബോക്സിന് പുറത്തുനിന്ന് വെടിയുണ്ട കണക്കെ ഒഗ്ബച്ചെ പായിച്ച ഷോട്ട് തടുക്കാനായി പറന്ന എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യയെ നിഷ്പ്രഭനാക്കി പന്ത് സൈഡ് പോസ്റ്റിലിടിച്ച് വലയിലേക്ക് പതിച്ചു. സ്റ്റേഡിയത്തില്‍ മഞ്ഞപ്പട ആനന്ദ നൃത്തമാടി ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 2 - 1 ന് മുന്നില്‍. സന്തേഷ് ജിങ്കന്റെ അഭാവത്തില്‍ പതറിപ്പോയ പ്രതിരോധം. വിങ്ങുകള്‍ ഉണര്‍ന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരികെ വന്നത്. ഇടത് വിങില്‍ ഹാളിചരണ്‍ നര്‍സാരിയും വലത് വിങില്‍ പ്രശാന്തും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു.
2 - 1 ന് പിന്നിലായ എ.ടി.കെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിക്കാന്‍ ശ്രമം തുടങ്ങി. കോര്‍ണറുകള്‍ തുടരെ നേടിയ എ.ടി.കെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം മാത്രം പിഴച്ചു. 63-ാം മിനുട്ടിലാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ നല്ലൊരു മുന്നേറ്റം കണ്ടത്. വലതുവിങില്‍ നിന്ന് മുഹമ്മദ് റാകിപ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മുഹമ്മദ് മുസ്തഫ ഹെഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. 65-ാം മിനുട്ടില്‍ സിഡോഞ്ചോയ്ക്ക് പകരം മരിയോ അര്‍ക്വിസ് ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. തൊട്ടുപിന്നാലെ എ.ടി.കെ ജയേഷ് റാണയെ പിന്‍വലിച്ച് സ്നേഹജ് സിങിനെ മൈതാനത്തിറക്കി. 68-ാം മിനുട്ടില്‍ സമനില നേടാന്‍ മികച്ചൊരു അവസരം എ.ടി.കെയ്ക്ക് ലഭിച്ചെങ്കിലും ജെയ്റോയുടെ അവസരോചിതമായ ഇടപെടല്‍ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു. 75-ാം മിനുട്ടില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിനെ തിരിച്ചുവിളിച്ച് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ ഗാര്‍ഷ്യയെ എ.ടി.കെ കളത്തിലിറക്കി. 82-ാം മിനുട്ടില്‍ ജീക്സണ്‍ സിങിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് സഹല്‍ അബ്ദുള്‍ സമദിനെ കളത്തിലെത്തിച്ചു. സഹല്‍ വന്നതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചയേറി. അവസാന മിനുട്ടുകളില്‍സ മനിലക്കായി എ.ടി.കെയും ലീഡ് വര്‍ധിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സും പോരാട്ടം ശക്തമാക്കിയതോടെ വീറും വാശിയുമേറി. ആദ്യ പോരാട്ടം തന്നെ ജയിച്ച് കൊമ്പന്മാര്‍ വമ്പുക്കാട്ടി. വിലപ്പെട്ട മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തിരിച്ചു വരവ് ഗംഭീരമാക്കി. 24 ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."