ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍
മാനന്തവാടി: തോണിച്ചാലിലെ നിര്‍മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ (31) തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ രണ്ട് പേരെ മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയും സംഘവും അറസ്റ്റ് ചെയ്തു. അനന്ദ ലോഹാറിന്റെ സുഹൃത്തുക്കളായ ജല്‍പൈഗുരി സ്വദേശികളായ രാജു ലോഹാര്‍ (28), സഹോദരന്‍ സൂരജ് ലോഹാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. മൂവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയാകുകയും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
നവംബര്‍ 11 രാത്രിയിലാണ് തോണിച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന നിര്‍മാണ തൊഴിലാളിയായ അനന്ദ ലോഹാര്‍ തലക്കടിയേറ്റ് മരിച്ചത്. അന്ന് രാത്രിതന്നെ അനന്ദ ലോഹാറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സൂരജ് ലോഹാറിനെ നെറ്റിയിലും മറ്റും മുറിവുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനന്തവാടി പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അനന്ദ ലോഹാറിന്റെ സുഹൃത്തും, സൂരജിന്റെ സഹോദരനുമായ രാജു ലോഹാറിന്റെ അടിയേറ്റാണ് അനന്ദ ലോഹാര്‍ മരിച്ചതെന്ന് തെളിയുകയായിരുന്നു. തന്റെ സഹോദരനായ സൂരജിനെ അനന്ദ ലോഹാര്‍ മര്‍ദിക്കുന്നത് കണ്ട രാജു സമീപത്ത് കിടന്ന പട്ടികയെടുത്ത് അനന്ദലോഹാറിന്റെ തലക്കടിക്കുകയും അടികൊണ്ട അനന്ദലോഹാര്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. മൂവരും തമ്മില്‍ ഇടക്കിടയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായും പലപ്പോഴും നാട്ടുകാര്‍ക്ക് ഇവര്‍ ശല്യക്കാരായി തീര്‍ന്നതായും പരാതികളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അനന്ദ ലാഹോറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതില്‍ തലക്കടിയേറ്റാണ് മരണമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് രാജു ലോഹാറിനേയും, സഹോദരന്‍ സൂരജ് ലോഹാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി. അനന്ദ ലോഹാറിന്റെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്നും, മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലാതെ വരികയാണെങ്കില്‍ ഇവിടെതന്നെ സംസ്‌കരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."