സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വിസ് ഡിസംബര്‍ നാലുമുതല്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്കുള്ള സഊദി എയര്‍ലൈന്‍സ് സര്‍വിസുകള്‍ ഡിസംബര്‍ നാലുമുതല്‍ ആരംഭിക്കും. കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് ഡിസംബര്‍ നാലിനും ജിദ്ദയിലേക്ക് അഞ്ചിനുമാണ് സര്‍വിസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് വിമാന കമ്പനി കരിപ്പൂരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ടെണ്ണം റിയാദിലേക്കുമാണ്. ഡിസംബര്‍ നാലിന് രാവിലെ 11 മണിയോടെ റിയാദില്‍ നിന്നെത്തുന്ന വിമാനം ഉച്ചക്ക് 12.50 ന് റിയാദിലേക്ക് മടങ്ങും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജിദ്ദയിലേക്ക് സര്‍വിസ്. ഈ ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.10ന് പുറപ്പെടുന്ന വിമാനം രാവിലെ 11ന് കരിപ്പൂരിലിറങ്ങും. ഈ വിമാനം പിന്നീട് യാത്രക്കാരുമായി ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പറക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് പുറപ്പെടുന്ന വിമാനം രാവിലെ 11ന് കരിപ്പൂരിലെത്തും. ഈ വിമാനവും ഉച്ചക്ക് 12.50നാണ് റിയാദിലേക്ക് മടങ്ങുക. നിലവില്‍ കൊച്ചിയിലുള്ള വിമാനങ്ങളിലൊന്ന് കരിപ്പൂരിലേക്ക് മാറ്റിയാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ നാലുമുതല്‍ കൊച്ചിയിലേക്ക് വിമാന ടിക്കറ്റെടുത്തവരില്‍ കൊച്ചി, കോഴിക്കോട് മേഖലയിലുള്ള യാത്രക്കാരെ ആവശ്യാനുസരണം വേര്‍തിരിച്ച് രണ്ടുവിമാനങ്ങളിലേക്ക് മാറ്റും.സഊദി എയര്‍ലൈന്‍സിന്റെ കൊച്ചിയിലേക്കുള്ള വിമാനങ്ങളില്‍ ഭൂരിഭാഗവും കരിപ്പൂരിനെ ആശ്രയിക്കുന്നവരായതിനാല്‍ ഇക്കോണമി ക്ലാസില്‍ ആദ്യദിനങ്ങളില്‍ കരിപ്പൂരിലേക്ക് ടിക്കറ്റ് ലഭിക്കാന്‍ പ്രയാസമായിരിക്കും. ജിദ്ദ സെക്ടറില്‍ നിന്നാണ് യാത്രക്കാര്‍ ഏറെയുള്ളത്. എ - 330 ഇനത്തില്‍പെട്ട വിമാനങ്ങളില്‍ 298 പേര്‍ക്ക് സഞ്ചരിക്കാനാവും.
കരിപ്പൂരില്‍ 2015 മെയ് മുതല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വിസുകളാണ് ഡിസംബര്‍ നാലുമുതല്‍ പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ സഊദി എയര്‍ലൈന്‍സിന് ഇതിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ നേരത്തെ കരിപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ സര്‍വിസുകള്‍ നിലനിര്‍ത്താന്‍ വിമാന കമ്പനി നടത്തിയ ശ്രമങ്ങള്‍ കാരണമാണ് സര്‍വിസ് നീണ്ടത്. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നത് വഴി യാത്രക്കാര്‍ക്ക് പുറമെ ഉംറ,ഹജ്ജ് തീര്‍ഥാടകര്‍ക്കും ഏറെ ആശ്വാസമാകും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."