ഹസാരെ ആരുടെ അണ്ണാ
ലോക്പാല്‍ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് യു.പി.എ സര്‍ക്കാരിനെതിരേ കിസാന്‍ ബാബുറാവു ഹസാരെ എന്ന അണ്ണാ ഹസാരെ 2013 ഡിസംബറില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നാണ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. സമരത്തിന് പിന്തുണ നല്‍കി അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ ഉന്നത വ്യക്തികളില്‍ പലരും സമരമുഖത്തുണ്ടായിരുന്നു. എന്നാല്‍ പ്രസ്തുത സമരം ഒരു ഗൂഢാലോചനയുടെ ഉല്‍പ്പന്നമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കപില്‍സിബല്‍ അദ്ദേഹത്തിന്റെ 'ഷേഡ്‌സ് ഓഫ് ട്രൂത്ത് 'എന്നപുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സംശയാസ്പദമായ വ്യക്തിത്വമായിരുന്നു അണ്ണാഹസാരെയുടേതെന്ന് ഈ സമരത്തിനു ശേഷം പല സന്ദര്‍ഭങ്ങളിലും അദ്ദേഹം തെളിയിച്ചു.
അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ രാജ്യവ്യാപകമായ കര്‍ഷകസമരത്തെ പിന്നില്‍ നിന്നും അട്ടിമറിച്ച വ്യക്തിയും കൂടിയാണ് അണ്ണാ ഹസാരെ. കര്‍ഷക പ്രതിസന്ധി തീര്‍ക്കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 22ന് അദ്ദേഹം നടത്തിയ നിരാഹാര സമരം ഇന്ത്യയൊട്ടാകെ അലയടിച്ച കര്‍ഷക രോഷത്തെ തണുപ്പിക്കാനുള്ളതായിരുന്നു. എന്നാല്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതുവരെ അദ്ദേഹം യു.പി.എ സര്‍ക്കാരിനെതിരേയുള്ള സമരത്തില്‍ നിന്നും പിന്‍വാങ്ങിയതുമില്ല.
സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനായും ഗാന്ധിയനായും അറിയപ്പെടുന്ന അണ്ണാഹസാരെയുടെ അടുത്തകാലത്തെ പ്രവര്‍ത്തനങ്ങളെല്ലാം സംഘ്പരിവാറിനെ സഹായിക്കുന്നതായിരുന്നു. ഇതിലേറ്റവും ഒടുവിലെത്തേതാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്നതില്‍ തെറ്റില്ല എന്ന അദ്ദേഹത്തിന്റെ വാദം. രാജ്യത്തിനു വേണ്ടി വി.ഡി സവര്‍ക്കര്‍ ചെയ്ത ത്യാഗവും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനും അദ്ദേഹത്തിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കേണ്ടതാണെന്നാണ് ഹസാരെയുടെ പക്ഷം. എന്നാല്‍ എന്ത് ത്യാഗമാണ് സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ചെയ്തതെന്നോ സ്വാതന്ത്ര്യസമരത്തിന്റെ ഏത് ഘട്ടത്തിലാണ് അദ്ദേഹം പങ്കെടുത്തതെന്നോ ഹസാരെ വ്യക്തമാക്കുന്നില്ല.
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്നതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയക്കാരാണെന്ന നിരര്‍ഥക വാദമുയര്‍ത്തി ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുമെന്ന് മഹാരാഷ്ട്ര ബി.ജെ.പി അവരുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ രാജ്യമൊട്ടാകെ ഉയര്‍ന്നത്. പിന്നാലെ രാജ്യത്തിന്റെ ചരിത്രം തിരുത്തി എഴുതേണ്ടതാണെന്ന് അമിത്ഷായുടെ പ്രസ്താവന വരികയും ബി.ജെ.പിയുടെ പ്രകടന പത്രികയ്ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഹസാരെയുടെ നിലപാടും പുറത്തുവന്നതോടെ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. പൊതുബോധത്തെയും ചരിത്രബോധത്തെയും പരസ്യമായി തമസ്‌കരിക്കുകയാണ് ബി.ജെ.പി.
ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമത്തിനിടയില്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാനും ബി.ജെ.പി ഒരുങ്ങുന്നത്. ഗാന്ധിജി ആത്മഹത്യ ചെയ്യാനുള്ള കാരണം പരീക്ഷാ പേപ്പറിലൂടെ ചോദിക്കുന്നത് രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന അമിത്ഷായുടെ വാദത്തെ ഉറപ്പിക്കാനാണ്. ഗാന്ധിജിയെ വധിക്കാന്‍ മറ്റാരുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും താന്‍ തനിച്ചാണ് വധം നടപ്പിലാക്കിയതെന്നുമുള്ള കൊലയാളി നാഥൂറാം ഗോഡ്‌സേയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റത്തില്‍ നിന്ന് സവര്‍ക്കര്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കപൂര്‍ കമ്മിഷന്‍ 1965 മാര്‍ച്ച് 22ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയില്‍ സവര്‍ക്കറുടെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്. എല്ലാ വസ്തുതകളും ഒരുമിച്ച് പരിഗണിച്ചാല്‍ സവര്‍ക്കര്‍ സംഘവുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഗാന്ധിവധമെന്ന് തീരുമാനിക്കുന്നതിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.
ആര്‍.എസ്.എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ച സവര്‍ക്കര്‍ രാജ്യത്തിനു വേണ്ടി ചെയ്ത ത്യാഗത്തിന്റെ വിവരങ്ങള്‍ വിശദീകരിക്കാനുള്ള ബാധ്യത ഹസാരെയ്ക്കുണ്ട്. സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്ന 60 രൂപ തൊഴിലില്ലായ്മ വേതനം 100 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് സവര്‍ക്കര്‍ നല്‍കിയ അപേക്ഷയാണോ അദ്ദേഹം ചെയ്ത ത്യാഗം? ബ്രിട്ടീഷ് സര്‍ക്കാരിനൊപ്പം നിന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പരാജയപ്പെടുത്താന്‍ അദ്ദേഹം അഹോരാത്രം അദ്ധ്വാനിച്ചിട്ടുമുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പേരിലല്ല സവര്‍ക്കര്‍ അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. നാസിക് ജില്ലാ കലക്ടറായിരുന്ന എ.എം ജാക്‌സനെ വധിക്കാന്‍ ആയുധം എത്തിച്ചുനല്‍കിയെന്ന കേസിലായിരുന്നു. ജയിലില്‍നിന്ന് വിടുതല്‍ കിട്ടുവാന്‍ അഞ്ച് തവണയാണ് അദ്ദേഹം സര്‍ക്കാരിനോട് കേണപേക്ഷിച്ച് മാപ്പപേക്ഷ നല്‍കിയത്. അതെല്ലാം ഭരണകൂടം തള്ളിക്കളയുകയായിരുന്നു. ഗാന്ധിജി നടത്തിയ സമരത്തെ തുടര്‍ന്നാണ് 1921 മെയ് രണ്ടിന് സവര്‍ക്കര്‍ ജയില്‍ മോചിതനാകുന്നത്. തന്നെ മോചിപ്പിക്കാന്‍ കാരണക്കാരനായ ഗാന്ധിജിയെ തന്നെ കൊല്ലാന്‍ സവര്‍ക്കര്‍ വീണ്ടും ഗൂഢാലോചന നടത്തിയെന്നത് ചരിത്രത്തിന്റെ വിരോധാഭാസം തന്നെ.
കടുത്ത വര്‍ഗീയവാദിയായിരുന്ന സവര്‍ക്കര്‍ എഴുതിയ 'ഹിന്ദുത്വത്തിന്റെ മൗലിക പ്രമാണങ്ങള്‍'എന്ന ഗ്രന്ഥത്തില്‍ മുഴുക്കെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അധിക്ഷേപിക്കുന്നതാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടയാളാണ് സവര്‍ക്കര്‍. ഇതിനുവേണ്ടിയാണ് രണ്ടു രാജ്യങ്ങള്‍ എന്ന പുസ്തകം അദ്ദേഹം എഴുതിയത്. ബ്രിട്ടീഷുകാരുമായി പ്രായോഗിക രാഷ്ട്രീയ സഹകരണമാണ് കോണ്‍ഗ്രസ് സമരമുറകളെക്കാള്‍ അഭികാമ്യമെന്ന് വാദിച്ച് 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് സഹായിച്ച അന്നത്തെ ഹിന്ദുമഹാസഭ പ്രസിഡന്റിനെ എങ്ങനെയാണ് അണ്ണാഹസാരെ സ്വാതന്ത്ര്യ സമര സേനാനിയും മഹാത്യാഗിയുമായി ചിത്രീകരിക്കുന്നത്.
ഒരു വശത്ത് ഗാന്ധിജിയെ കൊന്നവര്‍ക്ക് ആദരം നല്‍കുകയും മറുവശത്ത് ഗാന്ധിജിയുടെ ആശയങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നവരാണ് തങ്ങളെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ നിലപാടുകളോട് ചേര്‍ന്നുപോകുന്നതാണ് ഗാന്ധി ആശയക്കാരനെന്ന് പറയുന്ന അണ്ണാ ഹസാരെയുടെ നിലപാടുകളും. ഗാന്ധിജിയുടെ ആശയങ്ങളാണ് തന്റെ ജീവിത വീക്ഷണമെന്നും സമര മാര്‍ഗമെന്നും പറയുന്ന ഹസാരെ അതേ ശ്വാസത്തില്‍ തന്നെയാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുന്നത്. സത്യത്തില്‍ ഹസാരെ ആരുടെ അണ്ണയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."