വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍
പെരുമ്പാവൂര്‍: കോളജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. പേഴക്കാപ്പിളളി കാവനാട്ട് പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് മുഷ്താഖ് (19)നെയാണ് കുറുപ്പംപടി സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ ഭാഗത്തെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ഇന്നലെ വൈകീട്ട് നാല് മണിയോടെ കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അക്രമണമുണ്ടായത്. വീട്ടിലേക്കുള്ള കനാല്‍ സൈഡ് വഴിയിലൂടെ സൈക്കിളില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഒഴിഞ്ഞ സ്ഥലത്ത് കാത്തിരുന്നാണ് പ്രതി അക്രമിച്ചത്.
വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കുകയും അതിനെ എതിര്‍ത്തപ്പോള്‍ പ്രതിയുടെ ഓമ്നി കാറിലേക്ക് ബലമായി പിടിച്ചുകയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ത്ഥിനി നല്കിയ പരാതിയില്‍ പറയുന്നു. ബഹളം കേട്ട് തൊട്ടടുത്ത പറമ്പില്‍ കന്നുകാലിയെ തീറ്റുകയായിരുന്ന സ്ത്രീ ഒച്ചവെച്ചതോടെ പ്രതി കൃത്യത്തില്‍ നിന്നും പിന്മാറി വാഹനവുമായി സംഭവസ്ഥലത്ത് നിന്നും പോകുകയായിരുന്നു. കുറുപ്പംപടി പൊലീസില്‍ നല്കിയ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനി പഠിക്കുന്ന കോളജിലെ ജൂനിയറായി പഠിക്കുന്ന മുഷ്താഖിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ പേഴക്കാപ്പിള്ളി ഭാഗത്ത് നിന്നും മുഷ്താഖിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വന്ന് വിദ്യാര്‍ത്ഥിനിയെ കൊണ്ട് തിരിച്ചറിയിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അഡീ.എസ് ഐ സാലി, എ.എസ്.ഐ ജോസഫ്, സി.പി.ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."