കടല്‍ റണ്‍വേ പദ്ധതി ഉപേക്ഷിക്കണം: ഡോ. സൂസപാക്യം
തിരുവനന്തപുരം: വിമാനത്താവളത്തോടു ചേര്‍ന്ന് ശംഖുംമുഖം തീരത്തിനു സമാന്തരമായി കടല്‍ റണ്‍വേ നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം. നിര്‍ദിഷ്ട കടല്‍ റണ്‍വേ പദ്ധതി കടലിന്റേയും തീരത്തിന്റേയും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ദൂരവ്യാപകമായ വിപത്തുകള്‍ വരുത്തിവയ്ക്കും. കടലും കടലോരവും വന്‍കിട പദ്ധതികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായി മാത്രമേ ഈ പദ്ധതിയെ കാണാനാകൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യകുത്തകയ്ക്ക് നല്‍കിയതുപോലെ തിരുവനന്തപുരം വിമാനത്താവളവും ശംഖുംമുഖം തീരവും കടലും വന്‍കിട കുത്തകകള്‍ക്ക് നല്‍കി മത്സ്യത്തൊഴിലാളികളേയും അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയെന്ന ഗൂഡലക്ഷ്യമാണ് പദ്ധതികള്‍ക്കു പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പുലിമുട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ ആശാസ്ത്രീയതയില്‍ ഞങ്ങള്‍ ആശങ്ക അറിയിച്ചതാണ്. അതു കണക്കിലെടുക്കാതെ ഈ രണ്ടു പദ്ധതികളും നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ചതിന്റെ ഭവിഷ്യത്ത് നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കപ്പല്‍പാത ഇപ്പോള്‍ കരിങ്കുളംവരെ നീട്ടണമെന്നാണ് പുതിയ നിര്‍ദേശം. പദ്ധതി സംബന്ധിച്ച ചര്‍ച്ചയില്‍ ആഴിമല ക്ഷേത്രത്തിനു സമാന്തരമായുള്ള കടലില്‍ മാത്രം കപ്പല്‍പാതയെന്നാണ് അന്നത്തെ തുറമുഖ സെക്രട്ടറി ഉറപ്പു നല്‍കിയിരുന്നത്. മാത്രമല്ല തുറമുഖത്തോടു ചേര്‍ന്ന് നിര്‍ദേശിച്ചിട്ടുള്ള നേവിയുടെ ബര്‍ത്ത് മുന്‍ തീരുമാനങ്ങള്‍ക്കു വിരുദ്ധമാണ്. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കേ ലത്തീന്‍ കത്തോലിക്കര്‍ ഡിസംബര്‍ ഒമ്പതിന് സമുദായ ദിനമായി ആചരിക്കുകയാണ്. സംസ്ഥാനതല പരിപാടികളുടെ ഭാഗമായി ശംഖുമുഖം കടപ്പുറത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കുമെന്നും ആര്‍ച്ച് ബിഷപ്പ്് പറഞ്ഞു. വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേരയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."