വി.എസിന് തൊണ്ണൂറ്റിയാറിന്റെ ചെറുപ്പം; ലളിതമായ പിറന്നാളാഘോഷം
തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത കേരളത്തിന്റെ വിപ്ലവ സൂര്യന് തൊണ്ണൂറ്റിയാറിന്റെ ചെറുപ്പം. ആശംസയര്‍പ്പിച്ച് രാഷ്ട്രീയ കേരളം. പതിവുപോലെ ഊര്‍ജസ്വലനായി ചിരിതൂകി വി.എസ് ആശംസകള്‍ക്ക് നന്ദി പറഞ്ഞു. പതിവുതെറ്റിക്കാതെ വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു ഇത്തവണയും വി.എസിന്റെ പിറന്നാള്‍.
ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ ഭാര്യ വസുമതിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ചു. മകന് അരുണ്‍കുമാറും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു. ആശംസ നേരാനെത്തിയ എല്ലാവര്ക്കും വീട്ടുകാര്‍ പിറന്നാള്‍ പായസം നല്കി.
മുന്‍ മന്ത്രി എം. വിജയകുമാറും വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തും പ്രിയനേതാവിന് ആശംസയര്‍പ്പിക്കാനെത്തി. പിറന്നാളാശംസ അറിയിച്ചപ്പോള്‍ പ്രശാന്തിന് തെരഞ്ഞെടുപ്പ് വിജയാശംസയും വി.എസ് നേര്‍ന്നു. ആശംസയര്‍പ്പിക്കാന്‍ എത്തിയവരെല്ലാം വി.എസിനൊപ്പം ഫോട്ടോയെടുത്തു. യാതൊരു മുഷിപ്പുമില്ലാതെ ചിരിച്ചും കൈകൊടുത്തും വി.എസ് ഫോട്ടോയ്ക്ക് മുഖം നല്കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസിച്ചു. പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഫോണില്‍ വിളിച്ചു. പിറന്നാളാശംസ പറഞ്ഞതിനൊപ്പം വി.എസിനെതിരേ കെ.സുധാകരന് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസിനെ അറിയിച്ചു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എ.കെ ആന്റണി തുടങ്ങിയവരും ആശംസയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."