മഹ്റമില്ലാതെ ഉംറക്കും അനുവാദം നല്‍കിയേക്കും
മക്ക: ഉംറ നിര്‍വഹിക്കുന്നതിന് പ്രായപൂര്‍ത്തിയായ അടുത്ത ബന്ധുവായ പുരുഷന് (മഹ്റം) ഒപ്പമുണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് സൂചന.
സ്ത്രീകള്‍ക്ക് തനിച്ച് ഇവിടെയെത്തി ഉംറ നിര്‍വഹിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇക്കാര്യത്തില്‍ ഉംറ സര്‍വിസ് കമ്പനി ഉടമകളും ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തനും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉംറ വിസ സ്റ്റാമ്പ് ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ നിര്‍ബന്ധമാണ്. ഇതാണ് ഒഴിവാക്കുക. ഹജ്ജ് കര്‍മത്തിന് നേരത്തെതന്നെ ഈ നിബന്ധന ഒഴിവാക്കിയിരുന്നു. ടൂറിസ്റ്റ് വിസകളിലെത്തുന്ന വിദേശ വനിതകളെ മഹ്റമില്ലാതെ ഉംറ നിര്‍വഹിക്കുന്നതിന് നിലവില്‍ അനുവദിക്കുന്നുണ്ട്. സമാന രീതിയില്‍ വിദേശ വനിതകള്‍ക്ക് ഉംറ വിസയും അനുവദിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയ്ക്കിടെ ഉംറ സര്‍വിസ് കമ്പനി ഉടമകള്‍ മന്ത്രിക്ക് മുന്നില്‍ ഉന്നയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹ്റം വ്യവസ്ഥ റദ്ദാക്കല്‍ അടക്കം പതിനൊന്ന് കാര്യങ്ങളില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി മക്ക ചേംബര്‍ ഓഫ് കൊമേഴ്സിലെ ഹജ്ജ്, ഉംറ കമ്മിറ്റി പ്രസിഡന്റ് മര്വാന് ശഅ്ബാന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ ഫത്താഹ് മുശാത്തും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."