'ജയിലില്‍ കിടക്കേണ്ടിവന്നത് യതീംഖാന വിദ്യാര്‍ഥികള്‍ക്കൊപ്പം സഞ്ചരിച്ചതിന്'
'കുട്ടിക്കടത്ത് കേസില്‍ തടവിലായ അബ്ദുല്‍ ഹാദി മനസ് തുറക്കുന്നു
കോഴിക്കോട്: 'ചെയ്ത തെറ്റ് എന്താണെന്നറിയാതെ ഒന്‍പത് മാസവും ഒരു ദിവസവും ജയിലില്‍ കഴിയേണ്ടിവന്നു. അതില്‍ സങ്കടമില്ല. ഇപ്പോള്‍ സത്യം പുറത്തുവന്നതിന് അല്ലാഹുവിനോട് നന്ദി പറയുന്നു'... കുട്ടിക്കടത്ത് കേസില്‍ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും വേട്ടയാടലിനെത്തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞ ജാര്‍ഖണ്ഡ് സ്വദേശി അബ്ദുല്‍ ഹാദി അന്‍സാരിയുടെ പ്രതികരണമാണിത്. കേരളത്തിലെ യതീംഖാനകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്ന് വ്യക്തമാക്കിയും യതീംഖാനകളുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചും കഴിഞ്ഞദിവസം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 'സുപഭാത'ത്തോട് പ്രതികരിക്കുകയായിരുന്നു അന്‍സാരി. ഈ കേസില്‍ അബ്ദുല്‍ ഹാദി അന്‍സാരിയെയും ഫൈസുല്ലയെയും ഉള്‍പ്പെടെ ഏഴു പേരെയാണ് കേരള പൊലിസ് ഒന്‍പത് മാസം ജയിലിലടച്ചത്.
കേരളത്തിലെ ഒരു സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് അന്‍സാരിക്ക് ദുരനുഭവം ഉണ്ടായത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയത് നാട്ടുകാരായ കേരളത്തിലെ യതീംഖാനകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൂടെയായിരുന്നു. സംഭവം നടക്കുമ്പോള്‍ യതീംഖാനയിലെ ജീവനക്കാരന്‍ ആയിരുന്നില്ല. വിദ്യാര്‍ഥികള്‍ നാട്ടുകാര്‍ ആണെന്ന ബന്ധമേ ഈ വിഷയത്തില്‍ ഉള്ളൂ. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ പൊലിസ് വന്ന് കൂട്ടിക്കൊണ്ടുപോയി. പ്രശ്‌നമെന്താണന്ന് അറിയില്ലായിരുന്നു. പൊലിസിനോട് ചോദിച്ചപ്പോള്‍ എഫ്.ഐ.ആര്‍ എഴുതിയതിനാല്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മറുപടി കിട്ടി.
ജയില്‍ വാസത്തിനുശേഷം അന്‍സാരി സ്വന്തം നാട്ടിലേക്ക് മടങ്ങി. അതോടെ ജോലിയും പോയിരുന്നു. നാട്ടിലെത്തിയതോടെ വീട്ടുകാരും നാട്ടുകാരും കുറ്റവാളിയെന്ന പോലെയാണ് പരിഗണിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങളെടുത്തു നാട്ടുകാര്‍ക്ക് കാര്യം മനസിലാകാന്‍. അന്നത്തെ ആശയക്കുഴപ്പത്തില്‍ നിന്നും വേട്ടയാടലില്‍ നിന്നും മുക്തി ലഭിക്കാന്‍ മാസങ്ങളെടുത്തു. ജോലിക്കായി വീണ്ടും കേരളത്തില്‍ വന്നു. കേസില്‍ പ്രതിയായതോടെ ജോലി ലഭിക്കാന്‍ പ്രയാസമായി. 'കുറ്റവാളി'യെ ജോലിക്കെടുക്കാന്‍ എല്ലാവരും മടികാണിച്ചു- അന്‍സാരി മനസുതുറന്നു.
ഒന്‍പത് മാസം ജയിലില്‍ കിടക്കുക ദൈവ നിശ്ചയമായിരുന്നു. മാധ്യമങ്ങളാണ് ഞങ്ങളെ പ്രതികളാക്കിയത്. മാധ്യമങ്ങള്‍ ശരിയായ വാര്‍ത്ത കൊടുത്തിരുന്നെങ്കില്‍ അന്ന് പഠനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ബാലവേലക്ക് പോവുകയില്ലായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ജോലിചെയ്യാന്‍ പേടിയാണ്. സുഖമില്ലാതെ കിടക്കുന്ന മാതാപിതാക്കളും മൂന്ന് മക്കളുമാണുള്ളത്. അവര്‍ക്കുവേണ്ടി ജോലിചെയ്‌തേ പറ്റൂ- അന്‍സാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരണത്തിനായി അന്‍സാരിയെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം പേടിയോടെയാണ് സംസാരിച്ചത്. ഇനിയും വേട്ടയാടപ്പെടാന്‍ വയ്യെന്നും ഉള്ള ചെറിയ ജോലി നഷ്ടമാക്കാന്‍ താല്‍പ്പര്യമില്ലെന്നും അന്‍സാരി പറഞ്ഞു. കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നതിനാല്‍ ഇനി പേടിക്കേണ്ടതില്ലെന്നു പറഞ്ഞതോടെയാണ് അന്‍സാരി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."