ബസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു; മലോല്‍മുക്ക് റൂട്ടില്‍ യാത്രാക്ലേശം
വടകര: ചോറോട് മലോല്‍മുക്ക് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ കൂട്ടത്തോടെ ട്രിപ്പുകള്‍ മുടക്കാന്‍ തുടങ്ങിയത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. റോഡ് റിപ്പയറിങിന്റെ പേര് പറഞ്ഞാണ് ബസുകള്‍ തോന്നുംപോലെ ഓടുന്നത്. എന്നാല്‍ നിലവില്‍ ബസുകള്‍ക്ക് പോകാന്‍ പ്രയാസമില്ല. ചില ബസുകള്‍ സേവനം നടത്തുന്നുമുണ്ട്. ചോറോട്-മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി-കുന്നുമ്മക്കര റോഡ് പരിഷ്കരണത്തിന്റെ പേരിലാണ് ബസുകള്‍ മുടങ്ങുന്നത്. 20 കോടി ചെലവില്‍ ഡ്രെയിനേജ് പണിത് റോഡ് വീതി കൂട്ടിയുള്ള പ്രവൃത്തിയാണ് മൂന്നു മാസം മുമ്പ് ആരംഭിച്ചത്. പത്തോളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമേ ഓടുന്നുള്ളൂ. അതും രാവിലെയും വൈകുന്നേരവും മാത്രം. വടകരയിലും ഓര്‍ക്കാട്ടേരിയിലും എത്തേണ്ടവര്‍ നടന്നും അമിത ചാര്‍ജ് കൊടുത്തു മറ്റു വാഹനങ്ങളിലുമാണ് ലക്ഷ്യം കാണുന്നത്. യാത്രക്കാരെ ദുരിതത്തിലാക്കിയ ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചോറോട് ഈസ്റ്റ് കമ്മിറ്റി ആവശ്യപെട്ടു. ഇര്‍ഷാദ് സുല്‍ത്താന്‍ അധ്യക്ഷനായി. കെ.കെ.കൃഷ്ണദാസ്, യു.എസ്.ശ്രീജിഷ്, വിഷ്ണു വിലങ്ങില്‍, ആഷിഖ് രാജേന്ദ്രന്, വി.അരുണ്‍നാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."