സ്വതന്ത്ര ആവിഷ്ക്കാരം നിയന്ത്രിക്കുന്നതിനെതിരേ സാംസ്കാരിക ലോകം ശബ്ദമുയര്‍ത്തണം: മുഖ്യമന്ത്രി
കൊച്ചി: സ്വതന്ത്ര ആവിഷ്ക്കാരം നിയന്ത്രിക്കുന്ന ശക്തികള്‍ക്കെതിരേ സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി ഐ.എം.എ ഹാളില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ സംസ്ഥാനതല കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്ത് നടന്ന ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംവിധായകന് കമലാണ് ഈ പ്രശ്നം ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡുകളില്‍ പ്രാദേശിക പ്രാതിനിധ്യമുണ്ടെങ്കിലും നിക്ഷ്പക്ഷമായ പ്രവര്‍ത്തനം സാധ്യമാകുന്നില്ല.
ഇതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കമല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും ആവിഷ്ക്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി മറുപടി നല്കി.
തീരദേശ ഹൈവേ പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പാരമ്പര്യ സാംസ്കാരിക തനിമ തകരുകയാണെന്നും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കി വികസനം നടത്തണമെന്നുമായിരുന്നു ആലപ്പുഴ നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ഫാ. ജോസ് വലിയ വീട്ടിലിന്റെ നിര്‍ദേശം. എന്നാല്‍ തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുമ്പോള്‍ അതിന്റെ പ്രയോജനം തീരദേശ വാസികള്‍ക്ക് തന്നെയാണെന്നും കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തില്‍ ഗതാഗതത്തിന് വലിയ പ്രാധാന്യമുണ്ട്.
ന്യായമായ പുനരധിവാസം ഉറപ്പാക്കി മാത്രമേ കുടിയൊഴിപ്പിക്കൂ. എന്നാല്‍ പ്രയാസങ്ങളുണ്ടായാല്‍ പദ്ധതി ഉപേക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."