എഫ്.എ.ടി.എഫ് നിബന്ധനകള്‍ പാകിസ്താന്‍ സമയബന്ധിതമായി നിറവേറ്റുമെന്ന് ഖുറേഷി
ഇസ്‌ലാമാബാദ്: ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) നിബന്ധനകള്‍ സമയബന്ധിതമായി പാകിസ്താന്‍ നിറവേറ്റുമെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കണമെങ്കില്‍ നാലുമാസത്തിനകം രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് പണമെത്തുന്നത് തടയുകയും കള്ളപ്പണത്തിനെതിരേ നടപടിയെടുക്കുകയും വേണമെന്ന് പാരിസില്‍ ചേര്‍ന്ന എഫ്.എ.ടി.എഫ് പ്ലീനറി യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
കള്ളപ്പണത്തിനെതിരേ നടപടിയെടുക്കുന്ന അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ നിന്ന് പാകിസ്താന്‍ പുറത്തുകടക്കുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
വികസിതരാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 രൂപീകരിച്ച എഫ്.എ.ടി.എഫിന്റെ 27 നിര്‍ദേശങ്ങളില്‍ അഞ്ചെണ്ണമേ പാകിസ്താന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. എങ്കിലും പാകിസ്താന്‍ കൈക്കൊണ്ട നടപടികളില്‍ എഫ്.എ.ടി.എഫ് പ്രസിഡന്റ് സിയാങ്മിന്‍ ലിയു സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
2020 ഫെബ്രുവരിക്കുള്ളില്‍ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് പാകിസ്താന്‍ ഗ്രേ പട്ടികയില്‍ നിന്ന് പുറത്തുകടക്കുമെന്ന് പാക് ധനകാര്യമന്ത്രി ഹമ്മാദ് അസ്ഹര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."