ബാലവേല ചെയ്തിരുന്ന നാല് കുട്ടികളെ തൊഴില്‍ വകുപ്പ് മോചിപ്പിച്ചു
കാക്കനാട്:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏജന്റുമാര്‍ മുഖേന കളമശ്ശേരി ഇന്‍ഡസ്ട്രീയല്‍ ഏരിയയിലെ വ്യവസായ സ്ഥാപനത്തില്‍ ബാലവേല ചെയ്തിരുന്ന നാല് കുട്ടികളെ തൊഴില്‍ വകുപ്പ് മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്‍ഡസ്ട്രീയല്‍ ഏരിയയിലെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബാലവേല കണ്ടെത്തിയത്.
ഇന്‍ഡസ്ട്രീയല്‍ ഏരിയയിലെ കുടിവെള്ളം കുപ്പിയില്‍ നിറച്ചു വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് കുട്ടികള്‍ ജോലി ചെയ്തിരുന്നത്. കുറഞ്ഞ വേതനം നല്‍കി കുട്ടികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നതിനായി അന്യസംസ്ഥാനങ്ങില്‍ നിന്ന് ഏജന്റുമാര്‍ മുഖേനയാണ് കുട്ടികളെ ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത്.
തൊഴില്‍ വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സ്ഥാപനഉടമ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആദാര്‍ കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്ത് ബാലവേല കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഏജന്റുമാര്‍ എത്തിക്കുന്ന കുട്ടികളുടെ വയസ് തെളിയിക്കുന്നതിനായി നാട്ടില്‍ നിന്ന് വ്യാജആധാര്‍ കാര്‍ഡുകളും സംഘടിപ്പിച്ചാണ് കുട്ടികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്.
വയസ് കൂട്ടിക്കാണിച്ചാണ് ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്‍ഡസ്ട്രീയല്‍ ഏരിയയില്‍ നിന്ന് അധികൃതര്‍ മോചിപ്പിച്ച കുട്ടികളുടെ വിലാസം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരേ ജില്ലയിലെ ഓരേ പ്രദേശത്ത് നിന്നുള്ളവരാണ് കുട്ടികള്‍ നാല് പേരും.കുട്ടികളെ കടത്തിക്കൊണ്ട് വരാന്‍ ഏജന്റുമാര്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയതിന് തെളിവാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കുറഞ്ഞ വേതനം നല്‍കിയാല്‍ മതിയെന്ന അനുകൂല സാഹചര്യം മുതലാക്കിയാണ് കുട്ടികളെ ബാലവേലക്കായി കൊണ്ട് വരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ഇടപ്പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലും തൊഴില്‍ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടെ നിന്ന് ബാലവേല ചെയ്തിരുന്ന ഒരു കുട്ടിയെ മോചിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ വയസ് തെളിയിക്കാന്‍ കഴിയാത്തത് കൊണ്ട് കേസെടുത്തിട്ടില്ല. വയസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി റസ്‌ക്യു ഹോമുകളിലേക്ക് മാറ്റി. എന്‍ഫോഴ്‌മെന്റ് വിഭാഗം ജില്ലാ ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തില്‍ ജുവനൈല്‍ പൊലിസിന്റെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.അസി.ലേബര്‍ ഓഫിസര്‍മാരായ ജഹ്ഫര്‍ സാദിഖ്, ചിത്ര രാജന്‍, രാജേഷ്, അബ്ദുല്‍ ഗഫൂര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."