റോഹിംഗ്യന്‍ അഭയാര്‍ഥികളെ കൊച്ചു ദ്വീപിലേക്ക് മാറ്റുന്നു
കോക്‌സ് ബസാര്‍(ബംഗ്ലാദേശ്): ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ആയിരക്കണക്കിനു റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ തെംഗര്‍ ചാര്‍(ചാര്‍ പിയ) ദ്വീപിലേക്കു മാറ്റാന്‍ ബംഗ്ലാദേശ് ഭരണകൂടം ഒരുങ്ങുന്നു. അഭയാര്‍ഥികള്‍ അങ്ങോട്ടു മാറാന്‍ സന്നദ്ധത അറിയിച്ചതായി ബംഗ്ലാദേശ് അധികൃതര്‍ പറഞ്ഞു. അടുത്ത മാസത്തോടെ അഭയാര്‍ഥികളില്‍ ഒരു ഭാഗത്തെ മാറ്റിപാര്‍പ്പിക്കാനാണ് നീക്കം.
നിലവില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ക്യാംപുകളില്‍ 10 ലക്ഷത്തോളം അഭയാര്‍ഥികളാണുള്ളത്. ഇതില്‍ ഒരു ലക്ഷം അഭയാര്‍ഥികളെ ചെളിനിറഞ്ഞ ഈ ചെറുദ്വീപിലേക്ക് മാറ്റാന്‍ ഏറെ കാലമായി ബംഗ്ലാദേശ് സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു.
ഏഴര ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് 2017 ഓഗസ്റ്റില്‍ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികളായി പോയത്.
അതേസമയം രണ്ടുലക്ഷം അഭയാര്‍ഥികള്‍ അതിനു മുന്‍പേ കോക്‌സ് ബസാറിലെ ക്യാംപുകളിലുണ്ടായിരുന്നു. ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പൗരത്വവും നഷ്ടപ്പെട്ട കിടപ്പാടവും തിരിച്ചുകിട്ടാതെ പോകില്ലെന്ന നിലപാടിലാണ് അഭയാര്‍ഥികള്‍.
വീണ്ടും ആക്രമണമുണ്ടാവുമോയെന്ന പേടിയും അവരെ പിന്നോട്ടടിപ്പിക്കുന്നു. എന്നാല്‍ ക്യാംപുകളിലുള്ള റോഹിംഗ്യര്‍ അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ബംഗ്ലാദേശിന് തലവേദനയായിരിക്കുകയാണ്.
ബംഗ്ലാദേശ് തീരത്തുനിന്ന് 37 മൈല്‍ അകലെയുള്ള ഈ കുഞ്ഞുദ്വീപില്‍ റോഡുകളോ പ്രളയജലത്തെ നേരിടാനുള്ള ഭിത്തികളോ ഇല്ല. ഓരോ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ മഴക്കാലത്ത് വെള്ളത്തിലായിരിക്കും ദ്വീപ്. അതിനാല്‍ തന്നെ 2015ല്‍ ബംഗ്ലാദേശ് അധികൃതര്‍ അഭയാര്‍ഥികളെ ഈ ദ്വീപിലേക്ക് മാറ്റാനുള്ള പദ്ധതി തയാറാക്കിയപ്പോള്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഇതിനെ എതിര്‍ത്തിരുന്നു.
ഇതിനകം ഏഴായിരത്തോളം അഭയാര്‍ഥികള്‍ ബാഷാന്‍ ചാര്‍ ദ്വീപിലേക്കു മാറാന്‍ തയാറായതായി ബംഗ്ലാദേശ് അഭയാര്‍ഥി കമ്മിഷനര്‍ മഹ്ബൂബ് ആലം പറഞ്ഞു. ഡിസംബര്‍ മുതല്‍ ദിവസേന 500 പേരെ വീതം അങ്ങോട്ടയക്കുമെന്ന് ദ്വീപില്‍ കെട്ടിടങ്ങളുണ്ടാക്കുന്ന ചുമതലയിലുള്ള മുതിര്‍ന്ന നാവിക ഓഫിസര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്ന് ഒരു മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരത്തുള്ള ദ്വീപ് ഏതാനും ദിവസത്തിനകം യു.എന്‍ പ്രതിനിധിസംഘം സന്ദര്‍ശിക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."