പുറമ്പോക്കിലുള്ളവരുടെ പുനരധിവാസത്തിന് പദ്ധതി
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് തകര്‍ന്ന പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിന് വഴിയൊരുങ്ങുന്നു. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള 154 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് നിര്‍മിച്ചു നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായി ഭൂമി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബര്‍ ഒന്നിനകം തുടങ്ങാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു.
എടവക (6), കണിയാമ്പറ്റ (2), മേപ്പാടി (2), മുള്ളന്‍ക്കൊല്ലി (4), മൂപ്പൈനാട് (9), നൂല്‍പ്പുഴ (7), പടിഞ്ഞാറത്തറ (6), പനമരം (23), പൊഴുതന (9), പുല്‍പ്പള്ളി (23), തവിഞ്ഞാല്‍(7), തിരുനെല്ലി (1), തൊണ്ടര്‍നാട് (4), വെളളമുണ്ട(3) കല്‍പ്പറ്റ നഗരസഭ (4), മാനന്തവാടി നഗരസഭ (44) എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുള്ള ഗുണഭോക്താക്കള്‍.
പ്രളയബാധിതരെ കണ്ടെത്താന്‍ തയ്യാറാക്കിയ റി ബില്‍ഡ് അപ്ലിക്കേഷനിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി വീതമാണ് വീട് നിര്‍മാണത്തിനായി നീക്കിവെക്കുന്നത്. തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഭൂമി ലഭ്യമാക്കനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റു പ്രളയബാധിത ഗ്രാമപഞ്ചായത്തുകളില്‍ ഭൂമി ലഭ്യമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തെ അറിയിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നവംബര്‍ 22നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നാലു ലക്ഷം രൂപയാണ് ഓരോ വീടു നിര്‍മാണത്തിനും സര്‍ക്കാര്‍ അനുവദിക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രക്കാണ് നിര്‍മാണ ചുമതല. 2019 ഫെബ്രുവരിയോടെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്താനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."