തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു, റോഡ്- റെയില്‍ ഗതാഗതം താറുമാറായി, എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; മഴ പോളിങ്ങിനെയും ബാധിച്ചു
എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ ഓടുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തിലെ വെളളം പുറത്തേക്ക് പോകേണ്ടത് പെരണ്ടൂര്‍ കനാല്‍ നിറഞ്ഞുകവിഞ്ഞു. കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാറി താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നുണ്ട്.
ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി. കൊച്ചി പി ആന്‍ഡ് ജി കോളനിയിലും ചുള്ളിക്കല്‍ ഭാഗത്തും വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി.
എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. കേരളത്തില്‍ ഏതാണ്ടെല്ലാ ട്രെയിനുകളും രണ്ടുമണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്.
കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാം ജല നിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 83. 45 മീറ്റര്‍ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റര്‍ ആണ്. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴുക്കിനെ തുടര്‍ന്നു ആറിഞ്ചായി ഉയര്‍ത്തുകയായിരുന്നു. ഇതോടെ 31 മീറ്റര്‍ ക്യൂബ് പെര്‍ സെക്കന്‍ഡ് ജലമാണ് പുറത്തേക്കു ഒഴുകുന്നത്. 94. 5 എം എം ക്യൂ ജലമാണ് സംഭരണിയില്‍ ഉള്ളത്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ് ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.
kerala rain orange yellow alerts in various districts. latest updates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."