കുടുംബശ്രീ അയല്‍ക്കൂട്ട ഡിജിറ്റലൈസേഷന്‍ അന്തിമഘട്ടത്തില്‍
കല്‍പ്പറ്റ: പഴക്കം ചെന്ന കണക്ക് ബുക്കുകളും പാസ് ബുക്കുകളും സൂക്ഷിക്കുന്നത് തലവേദനയായിരുന്ന അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കാനുള്ള കുടുംബശ്രീ പദ്ധതി ഫലപ്രാപ്തിയിലേക്ക്. മുഴുവന്‍ അയല്‍ക്കൂട്ടങ്ങളുടെയും ക്രയവിക്രയം ഓണ്‍ലൈന്‍ വഴി ആദ്യം പൂര്‍ത്തീകരിച്ച് മേപ്പാടി സി.ഡി.എസ് മികച്ച നേട്ടം കൈവരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതി വഴിയാണ് അയല്‍ക്കൂട്ടങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും പ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കുന്നതിനും അംഗങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ സംവിധാനം സഹായിക്കും.
പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും. അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും സാധിക്കും. അയല്‍ക്കൂട്ടത്തിന്റെ പണമിടപാടുകള്‍ സംബന്ധിച്ച വിവരം അംഗങ്ങള്‍ക്കെല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകും.
ഓരോ സി.ഡി.എസിലും നിയോഗിച്ചിട്ടുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയാണ് അയല്‍ക്കൂട്ടത്തിന്റെ പഴയ ഇടപാടുകള്‍ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്തത്. മേപ്പാടി സി.ഡി.എസില്‍ ആകെ 350 അയല്‍ക്കൂട്ടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസം മേപ്പാടി സി.ഡി.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒറ്റക്കെട്ടായ പരിശ്രമം മൂലമാണ് സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ മിനി കുമാര്‍ പറഞ്ഞു. നൂല്‍പ്പുഴ, വൈത്തിരി സി.ഡി.എസ്സുകളും ഇതിനോടകം നൂറ് ശതമാനം പൂര്‍ത്തീകരിക്കുക എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. ഈമാസം 23ന് മേപ്പാടിയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സി.ഡി.എസ് എന്ന നേട്ടം കൈവരിച്ചവരെ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."