പരസ്യ ബോര്‍ഡുകളും തെരുവ് കച്ചവടവും യാത്രക്കാര്‍ക്ക് ദുരിതമാവുന്നു
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ദേശീയ പാതയിലേയ്ക്കുള്ള നടപ്പാതയില്‍ ദിനംപ്രതി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകളും, തെരുവ് കച്ചവടവും വ്യാപകമാവുന്നത് യാത്രക്കാര്‍ക്ക് തടസമാകുന്നു.
വീതി കുറഞ്ഞ നടപ്പാതയില്‍ ഇരു ഭാഗത്ത് നിന്നും വരുന്ന യാത്രക്കാര്‍ക്ക് വഴി മാറി നില്‍ക്കാന്‍ പോലും ഇടമില്ലാത്തപ്പോഴാണ് ഇത്തരം പരസ്യബോര്‍ഡുകളും, തെരുവ് കച്ചവടവും നിയന്ത്രണമില്ലാതെ വ്യാപകമാവുന്നത്.
നഗരസഭാ അധികൃതരും പൊലിസും ഈ കയേറ്റങ്ങള്‍ ശ്രദ്ധിക്കാത്തത് അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് വളമാവുകയാണ്. നടപ്പാതയുടെ ഒരു വശത്ത് വഴിയോര കച്ചവടക്കാരും തണല്‍ച്ചെടികളും മറുവശത്ത് വൈദ്യുതി പോസ്റ്റുകളുമാണുള്ളത്.
ഇതിനിടയിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് കടന്നു പോകാന്‍. നടപ്പാതയിലെ അസൗകര്യങ്ങള്‍ കാരണം സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളും ഉണ്ടാകുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയാണ് കയേറ്റം നടക്കുന്നത്. ദേശീയപാതയിലേക്ക് കടക്കുന്നിടത്ത് ഓട്ടോറിക്ഷകള്‍ ഇടതടവില്ലാതെ നിര്‍ത്തിയിടുന്നതും വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. ഇരു ബസ് സ്റ്റാന്‍ഡുകളും, പെട്രോള്‍ പമ്പ്, സിനിമ തിയറ്റര്‍ ഉള്‍പ്പടെ പ്രധാന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ട്രാഫിക് പരിഷ്‌ക്കരണവും വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."