കാവാലം-തട്ടാശേരി പാലം സ്ഥലമെടുപ്പ്: 21ന് യോഗം ചേരും
ആലപ്പുഴ: ഭൂവുടമകളില്‍ ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കാവാലം-തട്ടാശേരി പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം 21ന് യോഗം വിളിച്ചു.
മങ്കൊമ്പിലെ കുട്ടനാട് താലൂക്ക് ഓഫിസില്‍ രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി കലക്ടര്‍ (എല്‍.എ വിഭാഗം) എസ്. മുരളീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കാവാലം, കുന്നുമ്മ വില്ലേജ് ഓഫിസുകളുടെ പരിധിയില്‍ വരുന്ന ഭൂവുടമകളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.
ഇതിന് മുന്നോടിയായി വില്ലേജ് ഓഫിസര്‍മാര്‍ ഭൂവുടമകളുടെ കൃത്യമായ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. നെഗോഷ്യേറ്റ് പര്‍ച്ചേസ് ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കാനായി കാവാലം പഞ്ചായത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റേയും നേതൃത്വത്തില്‍ പലതവണ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഏതാനും കെട്ടിട ഉടമകളുടെ എതിര്‍പ്പ് മൂലം പരാജയപ്പെടുകയായിരുന്നു.
ഇതോടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാകാതെ പാലം നിര്‍മാണം അനിശ്ചിതമായി നീളുകയായിരുന്നു.
പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 16ന് പാലം സമ്പാദക സമിതിയുടെയും കാവാലം സൂര്യ യുവജന ക്ഷേമ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ എസ്. സുഹാസിന് നേരിട്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കാവാലം പഞ്ചായത്തിലെ ജനപ്രതിനിധികളുടെ സംഘം ഡെപ്യൂട്ടി കലക്ടറെ (എന്‍.എ വിഭാഗം) കണ്ട് സ്ഥിതിഗതികള്‍ വിശദീകരിക്കുകയും നിര്‍മാണം വേഗത്തില്‍ ആരംഭിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
21ന് ചേരുന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടറെ കൂടാതെ കുട്ടനാട് തഹസില്‍ദാര്‍ ആന്റണി ഡൊമിനിക്, എല്‍.എ വിഭാഗം തഹസില്‍ദാര്‍ അനില്‍കുമാര്‍, പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. നെഗോഷ്യേറ്റ് പര്‍ച്ചേസ് ആക്ട് പ്രകാരം തന്നെ സ്ഥലം ഏറ്റെടുക്കാനുളള അവസാനവട്ട ശ്രമമാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍ പിള്ള പറഞ്ഞു. ഇതുപ്രകാരം സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നിലവിലെ വിപണി വിലയേക്കാള്‍ 20 ശതമാനം അധികവില ലഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാഗ്ദാനം. പുതുക്കിയ അലൈന്‍മെന്റ് പ്രകാരം വീടുകള്‍ ഒന്നും നഷ്ടപ്പെടാത്ത തരത്തില്‍ പാലം നിര്‍മിക്കാനാണ് നീക്കം.
ജലോപരിതലത്തില്‍ നിന്ന് ആറുമീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പാലത്തിന് അപ്രോച്ച് റോഡ് അടക്കം 370 മീറ്ററാണ് ആകെ നീളം. 8.9 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിനുപുറമെ കിഴക്കു വശത്ത് നാല് മീറ്ററിലും പടിഞ്ഞാറ് മൂന്ന് മീറ്ററിലും വാഹന ഗതാഗതത്തിനായി സര്‍വിസ് റോഡ് നിര്‍മിക്കും.
പാലം നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം ഇടപെട്ട സാഹചര്യത്തില്‍ ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാപ്പകല്‍ സമരം മാറ്റിവച്ചതായി കാവാലം പാലം സമ്പാദക സമിതി അറിയിച്ചു. യോഗ തീരുമാനം അറിഞ്ഞശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."