പിങ്ക് ബാന്റ് കാംപയിന് തുടക്കം
മലപ്പുറം: ബാല പീഡനം അവസാനിപ്പിക്കുക, കുട്ടികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്ക്കുക എന്ന പ്രമേയത്തില്‍ ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തില്‍ പിങ്ക് ബാന്റ് കാംപയിന് തുടക്കമായി.
മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്ഡണ്ന്റ് ഹബീബ് റഹ്മാന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനധ്യാപിക കെ.വി സൂസി അധ്യക്ഷയായി. എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ സുരേഷ്, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍മാരായ സി.പി സലീം, അന്‍വര്‍ കാരക്കാടന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സോളി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബാല സംരക്ഷണം: ജില്ലയിലെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു
മലപ്പുറം: ദേശീയ ശിശുദിനമായ 14 മുതല്‍ അന്തര്‍ദേശീയ ശിശുദിനമായ 20 വരെ ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
കുട്ടികളുടെ അവകാശങ്ങളും അവയുടെ പ്രാധാന്യവും പൊതുജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ സ്കൂള്‍ കുട്ടികള്‍ പ്രത്യേക അസംബ്ലിയില്‍ ബാലാവകാശ സംരക്ഷണ പ്രതിജ്ഞയോടുകൂടി വാരഘോഷങ്ങളുടെ തുടക്കം കുറിച്ചു. മലപ്പുറം കുന്നുമ്മല്‍ എ.യു.പി സ്കൂളില്‍ കേരള ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് നടത്തിയ ശിശുദിന സമ്മേളനത്തില്‍ വിദ്യാര്‍ഥിപ്രതിനിധി കുമാരി മയൂഖ അനില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡബ്ലിയു.സി ചെയര്മാന് എം. മണികണ്ഠന്, ഡി.സി.പി.ഒ ഗീതാഞ്ജലി, പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.കെ മുഹമ്മദ് സാലിഹ്, ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി സി. വിജയകുമാര്‍, ട്രഷറര്‍ വി.ആര് യശ്പാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചെയ്തു. ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍, യു.പി, എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളും ശിശുദിനത്തില്‍ അവരുടെ സ്കൂളുകളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."