കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് രണ്ടുവര്‍ഷം
പാനൂര്‍: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ പുല്ലാട്ടുമ്മല്‍ കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു. നൂറിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചിരുന്ന പദ്ധതിയായിരുന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2008ല്‍ 12 ലക്ഷം രൂപ ചെലവഴിച്ചാണ് പുല്ലാട്ടുമ്മല്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കടവത്തൂര്‍ പയ്യട പുഴയോരത്താണ് കിണറും പമ്പു ഹൗസുമുള്ളത്. വെള്ളം സുലഭമായി ലഭിക്കാന്‍ തടയണയും പുഴയില്‍ നിര്‍മിച്ചിരുന്നു. മരപലക ഉപയോഗിച്ച് വെള്ളം തടഞ്ഞ് നിര്‍ത്തിയിരുന്ന ഭാഗമൊക്കെ ഇപ്പോള്‍ നശിച്ചിരിക്കയാണ്.
കാല് ലക്ഷത്തിലേറെ ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കും മറ്റുഅനുബന്ധ സാധന സാമഗ്രികളുമൊക്കെ നശിച്ചു കഴിഞ്ഞു. തൃപ്രങ്ങോട്ടുര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് വാര്‍ഡ് അംഗം നസീമ ചാമാളയില്‍ പറഞ്ഞു. തുടര്‍ പദ്ധതിയായി കുടിവെള്ള പദ്ധതി ഏറ്റെടുക്കാത്തതാണ് വിനയായത്. കനത്ത വേനല്‍ വരാനിരിക്കെ അറ്റകുറ്റപണി നടത്തി പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."