പുല്ലൂരാംപാറ ഉരുള്‍പൊട്ടലിന് ഇന്നു നാലാണ്ട്; ദുരിതംപേറി ദുരന്തബാധിതര്‍
തിരുവമ്പാടി: പ്രദേശത്തെ ഒന്നടങ്കം കണ്ണീര്‍ക്കയത്തിലേക്കു തള്ളിവിട്ട പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് നാലുവര്‍ഷം തികയുന്നു. 2012 ഓഗസ്റ്റ് ആറിലെ ഇരുണ്ടുമൂടിയ പകലിനെ സാക്ഷിയാക്കിയെത്തിയ ദുരന്തത്തിന്റെ ഇരകളായി തീരാ ദുരിതംപേറി ഇന്നും താല്‍ക്കാലിക ഷെല്‍ട്ടറില്‍ കഴിയുകയാണ് നിരവധി കുടുംബങ്ങള്‍. ചെറുശ്ശേരി മലയിലെയും കൊടക്കാട്ടപ്പാറ മലയുടെയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ സംഹാര താണ്ഡവമാടി ഒഴുകിയെത്തിയ പ്രളയവും കൂറ്റന്‍ പാറക്കൂട്ടങ്ങളും തട്ടിയെടുത്തത് നിരവധി കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു. എട്ടുപേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ ഓര്‍മകള്‍ വേദനയോടെയാണ് ഗ്രാമം ഇന്നും ഓര്‍ക്കുന്നത്.
ദുരന്ത വാര്‍ത്ത അറിഞ്ഞയുടനെ പഴുതടച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്നിരുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദുരന്തഭൂമി സന്ദര്‍ശിക്കുകയും അവിടെ വച്ചുതന്നെ പുനരധിവാസ പക്കേജ് പ്രഖ്യാപിക്കുകയും ചെയ്തത് പ്രദേശത്തുകാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. അരഡസനോളം മന്ത്രിമാരും സംഭവസ്ഥലം സന്ദര്‍ശിച്ചതോടെ കാര്യങ്ങള്‍ക്ക് വേഗത കൂടുകയും ചെയ്തു. കുടുംബത്തിലെ അഞ്ചുപേരും നഷ്ടപ്പെട്ട തുണ്ടത്തില്‍ ബിജുവിന് സര്‍ക്കാര്‍ ജോലി നല്‍കിയതുള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ നാലുവര്‍ഷത്തിനിടെ എല്ലാമെത്തിയെങ്കിലും അടിസ്ഥാന പ്രശ്‌നമായ വീട് നിര്‍മാണത്തിനുള്ള ധനസഹായം ലഭിക്കാത്തതിനാല്‍ പ്രദേശത്തുകാര്‍ തീരാദുരിതത്തിലാണ്.
താല്‍ക്കാലിക ഷെല്‍ട്ടറിലും പരിസര പ്രദേശങ്ങളിലെ വാടക വീടുകളിലും അന്തിയുറങ്ങുകയാണ് ദുരന്തബാധിതര്‍.
പൂര്‍ണമായി വീടുതകര്‍ന്ന ഇരുപത്തിനാല് കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു. എന്നാല്‍ ഭാഗികമായി വീടുതകര്‍ന്ന നിരവധി കുടുംബങ്ങള്‍ ഉരുള്‍പൊട്ടലിന്റെ ഞെട്ടലില്‍ നിന്നു മോചിതരാകാത്തതിനാല്‍ ദുരന്തഭൂമിയിലെ വീടുകളിലേക്ക് തിരിച്ചു പോയിട്ടില്ല. വീട് പൂര്‍ണമായി തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി അരിപ്പാറയില്‍ 85 സെന്റ് സ്ഥലം സര്‍ക്കാര്‍ വിലക്ക് വാങ്ങുകയും 13 കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുകയും ചെയ്തു. പത്തോളം കുടുംബങ്ങള്‍ സ്വന്തമായി ഭൂമി കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വീട് നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന സങ്കേതിക തടസം ഇവരുടെ വീടെന്ന മോഹത്തിന് വിലങ്ങുതടിയായി. ദുരന്തത്തിന് ഇന്നു നാലാണ്ട് തികയുമ്പോഴും വീട് യാഥാര്‍ഥ്യമാക്കാന്‍ ഗ്രാമ പഞ്ചായത്തിനായിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് കളമൊരുക്കിയ ദുരന്തം കൂടിയായിരുന്നു പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുഖ്യവിഷയമാക്കിയതും ഇവര്‍ക്ക് വീടു നല്‍കാത്തതായിരുന്നു. തുടര്‍ന്ന് ഇടതുപക്ഷം പഞ്ചായത്ത് ഭരണത്തിലേറി എട്ടുമാസത്തോളമായിട്ടും ദുരന്തബാധിതര്‍ക്ക് വീടു ലഭിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി ദുരിതാശ്വാസ നിധിയിലെ 19 ലക്ഷം ഇവരുടെ വീട് നിര്‍മാണത്തിന് ഉപയോഗിക്കാനും ബാക്കി തുക കാരശ്ശേരി സര്‍വിസ് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനുമുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കിയിരുന്നു. അതേസമയം ഇതിന്റെ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ഭരണസമിതി തയാറാകാത്തതാണ് പ്രശ്‌നം വീണ്ടും സങ്കീര്‍ണമാകാന്‍ ഇടയാക്കുന്നത്. ദുരന്തഭൂമി സന്ദര്‍ശിക്കാനെത്തിയവരില്‍ നിന്ന് സി.പി.എം പിരിച്ചെടുത്ത ലക്ഷങ്ങള്‍ എന്തു ചെയ്തുവെന്നതിനെ കുറിച്ച് പാര്‍ട്ടി ഒളിച്ചുകളിക്കുന്നതും വിവാദമായിരുന്നു.
വട്ടപ്പാറ മാത്തച്ചന്‍ എന്നവരുടെ സ്ഥലത്താണ് ദുരന്തബാധിതര്‍ താല്‍ക്കാലിക ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. അന്നു 40 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഷെല്‍ട്ടറിലെ ജീവിതം ഇവര്‍ക്ക് ദുരിതമയമാണ്. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാനുള്ള സംവിധാനങ്ങളില്ല. കൂടാതെ പ്രദേശം വൃത്തിഹീനമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. വാടക വീടുകളില്‍ അഭയം തേടിയവരുടെയും സ്ഥിതിയും പരമദയനീയമാണ്. രോഗികളും പ്രായം ചെന്നവരുമായ ഈ കുടുംബങ്ങള്‍ക്ക് വാടക പോലും കൊടുക്കാന്‍ മാര്‍ഗമില്ല.
അതിനിടയില്‍ പെണ്‍മക്കളുടെ വിവാഹം നിശ്ചയിച്ച കുടുംബങ്ങളും ഇവര്‍ക്കിടയിലുണ്ട്. ഉദാരമതികളായ സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബങ്ങളുടെ ഏക പ്രതീക്ഷ. ഇനിയും ഭവന നിര്‍മാണം നീട്ടിക്കൊണ്ടുപോയാല്‍ താല്‍ക്കാലിക ഷെല്‍ട്ടറില്‍ നിന്ന് ഉടമ ഇറക്കി വിടുമോയെന്ന ഭീതിയും ദുരന്തബാധിതര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."