ശബരിമലയില്‍ വിധി നടപ്പാക്കാന്‍ ബാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പുനപരിശോധനാ ഹരജികള്‍ മാറ്റിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിന് തുടക്കമായി.വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി വായിക്കുകയായിരുന്നു.കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു.
മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.എല്ലാ കക്ഷി നേതാക്കളും യോഗത്തിന് എത്തിയിട്ടുണ്ട്. ഉച്ചയ്ക്കു മൂന്നിന് തന്ത്രിയെയും പന്തളം കൊട്ടാരം പ്രതിനിധികളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
യോഗത്തിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് നേതാക്കളും കന്റോണ്‍മെന്റ് ഹൗസില്‍ കൂടിയാലോചന നടത്തി.
കോടതി വിധി നടപ്പാക്കണമെന്നു തന്നെയാണ് ഇന്നലെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ലഭിച്ച നിയമോപദേശം. നിയമോപദേശത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്നത്തെ യോഗത്തില്‍ കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ യോഗം സമവായമില്ലാതെ പിരിയും. ഉച്ചയ്ക്കു ശേഷം നടക്കുന്ന യോഗവും സമവായത്തിലെത്തില്ല. ഒരു വശത്ത് സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി, മറുവശത്ത് വിശ്വാസികളുടെ പേരില്‍ കലാപത്തിനു ശ്രമിക്കുന്ന സംഘ്പരിവാര്‍- ഇതിനിടയില്‍ രാഷ്ട്രീയമായും ഭരണഘടനാപരമായും വിധിയോടു യോജിച്ച സര്‍ക്കാര്‍ ഇന്ന് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."